തദ്ദേശഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: ഡിസംബർ എട്ടുമുതൽ മൂന്ന് ഘട്ടമായി നടത്തും; മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു
രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് രാവിലെ 8ന് വോട്ടെണ്ണൽ നടക്കും. ക്രിസ്മസിന് മുമ്പേ പുതിയ ഭരണസമിതി അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തും. ഒന്നാംഘട്ടം ഡിസംബർ എട്ടിന് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുക.
രണ്ടാംഘട്ടം ഡിസംബർ 10ന്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാംഘട്ടം ഡിസംബർ 14ന് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ്.
രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് രാവിലെ 8ന് വോട്ടെണ്ണൽ നടക്കും. ക്രിസ്മസിന് മുമ്പേ പുതിയ ഭരണസമിതി അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറത്തിറക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു മുതൽ നിലവിൽ വരും. പത്രികാ സമർപ്പണം അവസാന തീയതി നവംബർ 19. സൂക്ഷ്മപരിശോധന നവംബർ 20ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീയതി നവംബർ 23ന്.
ഈമാസം 11ന് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി കാലാവധി തീരും. ഡിസംബർ 31നകം പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന തരത്തിലാണ് മുന്നോരുക്കങ്ങൾ നടത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. പോലിസ് സജ്ജമാണെന്ന് ഡിജിപി പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. എല്ലാ സഹായവും സർക്കാർ നൽകും.
1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ മുൻസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 പഞ്ചായത്തുകളിലെ 15962 വാർഡ്, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡ്, 14 ജില്ല പഞ്ചായത്തുകളിലെ 331 വാർഡ്, 86 മുൻസിപ്പാലിറ്റികളിലെ 3078 വാർഡ്, 6 കോർപറേഷനുകളിലെ 414 വാർഡുകൾ ഉൾപ്പടെ ആകെ 21865 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാവും തിരഞ്ഞെടുപ്പ്. വോട്ടർ പട്ടിക ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. 27120823 വോട്ടർമാരാണ് ഉണ്ടായിരുന്നത്. സ്ത്രീ വോട്ടർമാർ- 14194721, പുരുഷ വോട്ടർമാർ - 12925766. നവംബർ 10 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് വോട്ടെടുപ്പ്. കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ടിന് സൗകര്യമൊരുക്കുമെന്നും കമ്മീഷൻ അറിയിച്ചു.