കോട്ടയം ജില്ലയില്‍ ആകെ 10 സീറ്റുകള്‍; ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ച്, മിന്നും പ്രകടനവുമായി എസ് ഡിപിഐ
ഈരാറ്റുപേട്ട നഗരസഭയിലാണ് എസ് ഡിപിഐ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. 2015 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച നാല് സീറ്റുകള്‍ നിലനിര്‍ത്തിയതിന് പുറമെ ഒരുസീറ്റില്‍ക്കൂടി എസ് ഡിപിഐ വിജയക്കൊടി പാറിച്ചു.
കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണികളോട് ഒറ്റയ്ക്ക് പൊരുതി കോട്ടയം ജില്ലയില്‍ എസ് ഡിപിഐ മിന്നും പ്രകടനം കാഴ്ചവച്ചു. നഗരസഭ, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ അടക്കം ജില്ലയില്‍ 10 സീറ്റുകളിലാണ് എസ് ഡിപിഐ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ ലഭിച്ച ആറ് സീറ്റുകള്‍ ഇത്തവണ പത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈരാറ്റുപേട്ട നഗരസഭയിലാണ് എസ് ഡിപിഐ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. 2015 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച നാല് സീറ്റുകള്‍ നിലനിര്‍ത്തിയതിന് പുറമെ ഒരുസീറ്റില്‍ക്കൂടി എസ് ഡിപിഐ വിജയക്കൊടി പാറിച്ചു.
തീക്കോയി, പായിപ്പാട്, പാറത്തോട്, തിരുവാര്‍പ്പ് പഞ്ചായത്തുകളിലായി അഞ്ചുസീറ്റുകളിലും എസ് ഡിപിഐ വിജയിച്ചു. ഈരാറ്റുപേട്ട നഗരസഭ അഞ്ചാം ഡിവിഷനായ മുരിക്കോലിയില്‍ ഫാത്തിമ ഷാഹുല്‍ 151 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഫാത്തിമയ്ക്ക് 407 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഷാ ഹാറൂണിന് 256 ഉം സ്വതന്ത്രസ്ഥാനാര്‍ഥി ഷൈലജ കബീറിന് 12 വോട്ടും ലഭിച്ചിട്ടുണ്ട്. പത്താം ഡിവിഷനായ തേവരുപാറയില്‍നിന്ന് ജനവിധി തേടിയ നൗഫിയ ഇസ്മാഈലിന് 51 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്.
നൗഫിയയ്ക്ക് 312 സീറ്റും യുഡിഎഫ് സ്ഥാനാര്‍ഥി ഷക്കീല ടീച്ചര്‍ക്ക് 261 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സന്ധ്യ അനിലിന് 20 ഉം ബിജെപി സ്ഥാനാര്‍ഥി സിന്ധുവിന് മൂന്ന് വോട്ടുകളും ലഭിച്ചു. പതിനൊന്നാം ഡിവിഷന്‍ കുറ്റിമരപ്പറമ്പില്‍നിന്ന് ജനവിധി തേടിയ അന്‍സാരി ഈലക്കയത്തിന് 378 വോട്ടുകളാണ് ലഭിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി വി എ പരിക്കൊച്ചിന് 304 ഉം എല്‍ഡിഎഫിന്റെ മുഹമ്മദ് ഹുസൈന് 294 ഉം സ്വതന്ത്രസ്ഥാനാര്‍ഥി കെ എം പരീകൊച്ചിന് 15 ഉം സ്വതന്ത്രസ്ഥാനാര്‍ഥി പരിക്കൊച്ചിന് നാലും സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 74 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ് ഡിപിഐ സ്ഥാനാര്‍ഥിയുടെ വിജയം.
പന്ത്രണ്ടാം ഡിവിഷന്‍ പത്താഴപ്പടിയില്‍നിന്ന് മല്‍സരിച്ച നസീറ സുബൈര്‍ 103 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. നസീറയ്ക്ക് 404 ഉം യുഡിഎഫ് സ്ഥാനാര്‍ഥി ജസീല നവാസിന് 301 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആസിയാ അഫ്‌സലിന് 12 ഉം വോട്ടുകള്‍ കിട്ടി. 22ാം ഡിവിഷന്‍ മുത്താരംകുന്നില്‍നിന്ന് മല്‍സരിച്ച ഫാത്തിമ മാഹിന്‍ മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഫാത്തിമയ്ക്ക് 187 ഉം സ്വതന്ത്ര സ്ഥാനാര്‍ഥി സബിത ഉനൈസിന് 184 ഉം ജനതാദള്‍ (സെക്യുലര്‍) 139 ഉം എല്‍ഡിഎഫിന്റെ ആബിദാ സിയാദിന് ആറും വോട്ടുകള്‍ കിട്ടിയിട്ടുണ്ട്.
ഈരാറ്റുപേട്ട അഞ്ചാം ഡിവിഷനില്‍ (മുരിക്കോലില്‍) എന്‍ ബിനു നാരായണന്‍, 10ാം ഡിവിഷനില്‍ (തേവരുപാറ) മുഹമ്മദ് ഇസ്മാഈല്‍, 11ാം ഡിവിഷന്‍ (കുറ്റിമരപ്പറമ്പ്) ശൈല അന്‍സാരി, 12ാം ഡിവിഷന്‍ (പേഴയ്ക്കാപ്പടി) സുബൈര്‍ വെള്ളാപ്പള്ളി തുടങ്ങിയവരാണ് കഴിഞ്ഞതവണ എസ് ഡിപിഐയ്ക്കുവേണ്ടി വിജയിച്ച് വാര്‍ഡില്‍ വികസനക്കുതിപ്പ് നടത്തിയത്. തീക്കോയി പഞ്ചായത്ത് ആനിയിളപ്പ് വാര്‍ഡില്‍ 77 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥി നജ്മ പരിക്കൊച്ചാണ് വിജയിച്ചത്. നജ്മയ്ക്ക് 317 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന്റെ വി എസ് ഐഷാമോള്‍ക്ക് 240 ഉം എല്‍ഡിഎഫിന്റെ സൗമിയ ഹുനൈസ് കരീമിന് 158 ഉം സ്വതന്ത്രസ്ഥാനാര്‍ഥി എം പി സൗമ്യയ്ക്ക് ഒരു വോട്ടും കിട്ടി.
പാറത്തോട് പഞ്ചായത്തില്‍ രണ്ടുവാര്‍ഡുകളിലായി എസ് ഡിപിഐ സ്ഥാനാര്‍ഥികളായ ദമ്പതികള്‍ വിജയിച്ചത് കൗതുകമായി. പാറത്തോട് നാടുകാണി എട്ടാം വാര്‍ഡില്‍ സുമിന അലിയാര്‍ 416 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ പാറത്തോട് ഏഴാം വാര്‍ഡില്‍ മല്‍സരിച്ച ഭര്‍ത്താവ് കെ യു അലിയാര്‍ കൊല്ലംപറമ്പില്‍ 60 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സുമിന അലിയാരിന് 717 ഉം സ്വതന്ത്ര സ്ഥാനാര്‍ഥി സമീനാ ഷെമീമിന് 301 ഉം യുഡിഎഫിന്റെ ഷൈനാമോള്‍ ജബ്ബാറിന് 193 ഉം സ്വതന്ത്ര സ്ഥാനാര്‍ഥി ഷാമിന ജലാലുദ്ദീന് 36 ഉം വോട്ടുകള്‍ കിട്ടി.
പാറത്തോട് വാര്‍ഡില്‍ കെ യു അലിയാര്‍ 520 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ മാര്‍ട്ടിന്‍ തോമസ് 460 ഉം സ്വതന്ത്രയായ റസീന മുഹമ്മദ് കുഞ്ഞ് 184 ഉം യുഡിഎഫിന്റെ അബ്ദുല്‍ ജലീല്‍ പേമുണ്ടയ്ക്കല്‍ 171 ഉം സ്വതന്ത്രനായ റിനോ എം ജോര്‍ജ് മടുക്കോലില്‍ 49 ഉം വോട്ടുകള്‍ നേടി. പായിപ്പാട് പഞ്ചായത്തില്‍ പായിപ്പാട് ടൗണ്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടിയ കരുണാകരന്‍ 104 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
കരുണാകരന്‍ ആകെ 314 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ എം പി അജീഷ് 210 ഉം യുഡിഎഫിന്റെ എം പി അനീഷ് 178 ഉം സ്വതന്ത്രനായ ഭാസ്‌കരന്‍ 118 ഉം മറ്റൊരു സ്വതന്ത്രന്‍ കെ ജി സാജു 13 ഉം വോട്ടുകള്‍ കരസ്ഥമാക്കി. തിരുവാര്‍പ്പ് പഞ്ചായത്ത് കുമ്മനം കുളപ്പുര വാര്‍ഡില്‍ വി എസ് സെമീമ 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. ഇവിടെ സെമീമയ്ക്ക് 365 ഉം യുഡിഎഫിന്റെ സുമയ്യ ഫൈസലിന് 338 ഉം എല്‍ഡിഎഫിന്റെ നിഷ സലാമിന് 197 ഉം സ്വതന്ത്രയായ ഷഹന ടീച്ചര്‍ക്ക് 55 ഉം പിഡിപിയുടെ റാഹത്തിന് 22 ഉം വോട്ടുകള്‍ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.