ബിജെപിക്കു പകരം ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് : സീതാറാം യെച്ചൂരി
ഇടതു പക്ഷമാണോ വര്‍ഗീയതയാണോ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്ത് സന്ദേശമാണ് നല്‍കുന്നത്.ബി ജെ പി തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ കോണ്‍ഗ്രസും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കാണുന്ന കോണ്‍ഗ്രസിനെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും
കൊച്ചി: ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പകരം വയനാട്ടില്‍ വന്ന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളത്ത് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതു പക്ഷമാണോ വര്‍ഗീയതയാണോ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും യെച്ചൂരി ചോദിച്ചു. സംഘ പരിവാറിനെ എതിര്‍ക്കുന്നതില്‍ ഏറ്റവും പ്രതിബദ്ധത കാട്ടുന്നതും ഹിന്ദുത്വ വാദ രാഷ്ട്രീയത്തിനെതിരായ പ്രത്യയശാസ്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ഇടതുപക്ഷമാണ്. അതുകൊണ്ടാണ് ബംഗാളിലും കേരളത്തിലും ത്രിപുരയിലുമൊക്കെ ഇടതു പക്ഷത്തെ ആക്രമിക്കുന്നത്. കോണ്‍ഗ്രസിനെ ഇതുപോലെ അവര്‍ ആക്രമിക്കുന്നില്ല. ബി ജെ പി തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ കോണ്‍ഗ്രസും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കാണുന്ന കോണ്‍ഗ്രസിനെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
ബിജെപിയെ എതിര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ ഏത് മതേതര മൂല്യത്തെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അവര്‍ കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് എന്ത് സമീപനമാണ് സ്വീകരിച്ചതെന്ന് നമ്മള്‍ കണ്ടിട്ടുള്ളതാണ്. അവര്‍ വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്തതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. പാര്‍ലമെന്റിലെ 121 ബി ജെ പി എം പിമാരും മുന്‍ കോണ്‍ഗ്രസുകാരാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഭയപ്പെടാത്തത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കാന്‍ ശ്രമിക്കുന്ന അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ അവര്‍ തകര്‍ത്തു. സുപ്രിം കോടതി, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ആര്‍ബിഐ, സിബിഐ, ഇലക്ഷന്‍ കമ്മീഷന്‍ ഇവയൊന്നിനെയും അവര്‍ വെറുതെ വിടുന്നില്ല. ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ഹിന്ദുമതത്തിന് ബന്ധമില്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിനെ പുറത്താക്കുക, ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ ശക്തി വര്‍ധിപ്പിക്കുക, മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തില്‍ ഒരു ബദല്‍ ഗവണ്‍മെന്റ് വരിക എന്നിങ്ങനെ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു. മുതിര്‍ന്ന നേതാവ് എം എം. ലോറന്‍സ്, സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി രാജു, എം എല്‍ എ മാരായ എം സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്നണി നേതാക്കളായ സി എം ദിനേശ് മണി, അഡ്വ. എം അനില്‍കുമാര്‍ പങ്കെടുത്തു. ഇടതു മുന്നണി മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ടി എസ് സന്‍ജിത് അധ്യക്ഷത വഹിച്ചു.