ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് മല്‍സരിക്കാന്‍ ട്രാന്‍സ് ജെന്‍ഡറും ; മല്‍സരിക്കുന്നത് മനസുമടുത്തിട്ടെന്ന് ചിഞ്ചു അശ്വതി

25 വയസ്സുള്ള ചിഞ്ചു ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി എന്നാണ് വിവരം.സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്

Update: 2019-04-05 06:12 GMT

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇക്കുറി മല്‍സരിക്കുന്നവരില്‍ ട്രാന്‍സ്‌ജെന്‍ഡറും. അശ്വതി രാജപ്പന്‍ എന്ന പേരിലാണ് അങ്കമാലി സ്വദേശി ചിഞ്ചു അശ്വതി എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്.ചിഞ്ചു അശ്വതി ഇന്നലെ ജില്ലാ വരണാധികാരി കൂടിയായ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 25 വയസുള്ള ചിഞ്ചു ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി എന്നാണ് വിവരം.സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫോറം എന്ന കൂട്ടായ്മയുട പിന്തുണയോടെയാണ് ചിഞ്ചു മല്‍സരരംഗത്തിറങ്ങിയിരിക്കുന്നത്. ബംഗളരുവിലെ സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ചിഞ്ചുവിപ്പോള്‍. തൃശൂര്‍ ആസ്ഥാനമായുള്ള സഹയാത്രിക എന്ന സംഘടനയിലും ചിഞ്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മാര്‍ഥമായി പറഞ്ഞാല്‍ മനസു മടുത്തിട്ടാണ് താന്‍ മല്‍സരത്തിനിറങ്ങിയിരിക്കുന്നതെന്ന് ചിഞ്ചു അശ്വതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇടതും വലതും അടക്കം എല്ലാ രാഷ്ട്രീയ പാര്‍ടികളിലും മനസു മടുത്തുവെന്നും ചിഞ്ചു അശ്വതി പറഞ്ഞു. അടുത്ത ദിവസം മുതല്‍ തന്നെ പ്രചരണ രംഗത്ത് സജീവമാകാനാണ് ചിഞ്ചു അശ്വതിയുടെ തീരുമാനം

Tags:    

Similar News