പിണറായി വിജയന്റെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മോഡല്‍ കേരളത്തിലെ ജനം തള്ളി: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍
കേരളത്തില്‍ സവര്‍ണ- അവര്‍ണ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം സിപിഎമ്മിന് തന്നെ തിരിച്ചടിയായി.ഏതെങ്കിലും ഒരു സമൂഹത്തിന്റെ മാത്രം ഏകീകരണമല്ല, പൊതുസമൂഹം യുഡിഎഫിനൊപ്പം നിന്നതാണ് ഇത്ര വലിയ വിജയത്തിന് കാരണം.കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണമെന്ന തീരുമാനം സിപിഎമ്മിന്റെ തകര്‍ച്ചയിലേക്കാണ് നയിച്ചത്
കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും പിണറായി വിജയനും നടപ്പിലാക്കിയ മോഡല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പരാജയപ്പെട്ടെന്ന് യുഡിഎഫ് കണ്‍വീനറും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ നിയുക്ത എംപിയുമായ ബെന്നി ബഹനാന്‍.എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സവര്‍ണ- അവര്‍ണ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം സിപിഎമ്മിന് തന്നെ തിരിച്ചടിയായെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.കേരളത്തിലെ പൊതു സമൂഹം യുഡിഎഫിനൊപ്പം നിന്നതാണ് തിളക്കമേറിയ വിജയത്തിന് കാരണം. പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനു എതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായ വോട്ടായി മാറി.ഏതെങ്കിലും ഒരു സമൂഹത്തിന്റെ മാത്രം ഏകീകരണമല്ല, പൊതുസമൂഹം യുഡിഎഫിനൊപ്പം നിന്നതാണ് ഇത്ര വലിയ വിജയത്തിന് കാരണം.കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണമെന്ന തീരുമാനം സിപിഎമ്മിന്റെ തകര്‍ച്ചയിലേക്കാണ് നയിച്ചത്.
ശബരിമലയില്‍ യുഡിഎഫും കോണ്‍ഗ്രസും സ്വീകരിച്ച സമീപനമാണ് ശരിയെന്നു ജനവിധി തെളിയിച്ചു. ശബരിമല വര്‍ഗീയ വിഷയമാക്കാന്‍ ബിജെപിയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ സിപിഎമും ശ്രമിച്ചു. വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിടാനാണ് സിപിഎം ശ്രമിച്ചത്. വിശ്വാസി സമൂഹം ജാതിമത വ്യത്യാസമില്ലാതെ യുഡിഎഫിനെ സഹായിച്ചുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തോടുള്ള വിയോജിപ്പാണ് മലബാര്‍വ അടക്കമുള്ള മേഖലകളില്‍ പ്രതിഫലിച്ചത്. പരാജയ ശേഷവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യാഥാര്‍ഥ്യ ബോധത്തോടെയുള്ള വിലയിരുത്തല്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം തയാറല്ലെന്ന സൂചനയാണ് വടകരയില്‍ മുന്‍ സിപിഎം നേതാവിന് നേരെ നടന്ന വധശ്രമം തെളിയിക്കുന്നത്.
സംസ്ഥാനത്തെ 123 നിയോജമക മണ്ഡലങ്ങളിലും സിപിഎം പിന്നിലായത് ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാണ്. മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികമായി ശരിയാണോ എന്ന് അദ്ദേഹവും സിപിഎമ്മും തീരുമാനിക്കണം. 18 സീറ്റില്‍ തോറ്റപ്പോള്‍ രാജി വെച്ച മുഖ്യമന്ത്രിയുണ്ടായിരുന്ന നാടാണ് കേരളം.ഇത് കാണാതെ പോകരുത്.ഇപ്പോള്‍ പത്തൊന്‍പത് സീറ്റില്‍ തോറ്റപ്പോള്‍ രാജി വെയ്ക്കണമോയെന്ന തീരുമാനം പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വിടുന്നതായും ബെന്നി ബെഹനാന്‍ പറഞ്ഞു.
നവകേരളം പ്രായോഗികമായി നടപ്പാകാകന്‍ ശ്രമിക്കാതെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിക്കാന്‍ പോയ പിണറായി വിജയന്‍ ദാസ് ക്യാപിറ്റല്‍ ഒരിക്കലെങ്കിലും വായിച്ചു നോക്കണമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ പോയി മണിയടിച്ചത് ശരിയാണോ എന്ന് സിപിഎം ചിന്തിക്കണം. ധനമൂലധനവും ഊഹക്കകച്ചവടവും മുതലാളിത്തത്തെ വളര്‍ത്തുമെന്ന് ദാസ് ക്യാപിറ്റലില്‍ പറഞ്ഞിട്ടുള്ളത് സിപിഎം നേതാക്കള്‍ വായിക്കണം.ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം പ്രതീക്ഷിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ സമരസംഘടനയാക്കി മാറ്റണം. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളും താഴെത്തട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്ന് ആത്മപരിശോധന നടത്തണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.എറണാകുളത്തിന്റെ നിയുക്ത എംപി ഹൈബി ഈഡനും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.