പാചകവാതക വിലവര്‍ധനവ് :പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് ഹോട്ടലുടമകള്‍
പാചകവാതകത്തിന്റെ വിലവര്‍ധനവ് ഹോട്ടല്‍ മേഖലയുടെ നട്ടെല്ലൊടിക്കും.256 രൂപയാണ് ഒറ്റയടിക്ക് വാണിജ്യാവാശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലവര്‍ധിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെ തുടര്‍ന്ന് അരിയടക്കമുള്ള എല്ലാ അവശ്യസാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുകയാണ്. ചിക്കന്റെ വിലയും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. റഷ്യ - ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ഭക്ഷ്യഎണ്ണകള്‍ക്കും വിലവര്‍ധിച്ചിരിക്കുന്നു
കൊച്ചി: വാണിജ്യാവാശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹോട്ടലുടമകളുടെ സംഘടനയായ കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ജി ജയപാലും സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി ബാലകൃഷ്ണപൊതുവാളും അറിയിച്ചു.പാചകവാതകത്തിന്റെ വിലവര്‍ധനവ് ഹോട്ടല്‍ മേഖലയുടെ നട്ടെല്ലൊടിക്കും.256 രൂപയാണ് ഒറ്റയടിക്ക് വാണിജ്യാവാശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലവര്‍ധിച്ചിരിക്കുന്നത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെ തുടര്‍ന്ന് അരിയടക്കമുള്ള എല്ലാ അവശ്യസാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുകയാണ്. ചിക്കന്റെ വിലയും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. റഷ്യ - ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ഭക്ഷ്യഎണ്ണകള്‍ക്കും വിലവര്‍ധിച്ചിരിക്കുന്നു. പാചകവാതകത്തിനും കൂടി വില വര്‍ധിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വിലവര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് ഹോട്ടലുടമകള്‍ എന്നും ഇവര്‍ പറഞ്ഞു. സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ ലാഭം മാത്രം ലക്ഷ്യംവെച്ച് പെട്രോളിയം കമ്പനികള്‍ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
പാചകവാതകത്തിന്റെയും,പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആവിഷ്‌ക്കരിക്കുവാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ എല്ലായൂനിറ്റുകളിലും പ്രതിഷേധ സമരം സംഘടിപ്പിക്കും വിലവര്‍ധനവ് പിന്‍വലിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റ്മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരം കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാനപ്രസിഡന്റ് ജി ജയപാലും സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി ബാലകൃഷ്ണപൊതുവാളും അറിയിച്ചു.