നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് വയൽ നികത്തുന്നത് നിർത്തി വെക്കണം: ഹരിത ഡെവലപ്പ്മെൻറ്റ് അസോസിയേഷൻ

വർഷങ്ങളായി ഇരുപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകൾ 2012 മുതൽ തരിശിടുകയും, കച്ചവടാവശ്യത്തിനായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന് വേണ്ടിയാണ് കൃഷിഭൂമി പരിവർത്തനം നടത്തുന്ന പ്രവൃത്തികൾ ഇപ്പോൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നത്.

Update: 2022-01-07 13:33 GMT

പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിലെ കണ്ണാടി-1 വില്ലേജിൽ കാഴ്ചപ്പറമ്പ് സിഗ്നൽ ജങ്ഷനും പാലന ആശുപത്രിയ്ക്കും ഇടയിലുള്ള നൂറോളം ഏക്കർ കൃഷിഭൂമി പരിവർത്തനം നടത്തുന്നത് അടിയന്തിരമായി നിർത്തി വെക്കണമെന്ന് ഹരിത ഡെവലപ്പ്മെൻറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വർഷങ്ങളായി ഇരുപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകൾ 2012 മുതൽ തരിശിടുകയും കച്ചവടാവശ്യത്തിനായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന് വേണ്ടിയാണ് കൃഷിഭൂമി പരിവർത്തനം നടത്തുന്ന പ്രവൃത്തികൾ ഇപ്പോൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളും, രാഷ്ട്രീയപാർട്ടികളും, ട്രേഡ് യൂനിയൻ നേതാക്കളും കൂടാതെ സർക്കാർ ഉദ്യോഗസ്ഥരും, കണ്ണാടി പഞ്ചായത്തും ഈ നിയമ ലംഘനത്തിന് കൂട്ട് നിൽക്കുന്നു. നിയമ ലംഘനത്തിനെതിരെ നടപടിയെടുക്കാതെ സംസ്ഥാന സർക്കാരും മൗനാനുവാദം കൊടുത്തിരിക്കുന്നു.

സർക്കാർ നയത്തിനും, നിയമ വ്യവസ്ഥകൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി കൃഷി ഭൂമികൾ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊടുക്കുകയും നെൽപ്പാടം നികത്തുന്നത് നിയമവിധേയമാക്കാനുള്ള തകൃതിയായ ശ്രമം നടന്നുകൊണ്ടിരിക്കുകയുമാണ്. 2011 ന് മുമ്പ് പ്രസ്തുത സ്ഥലത്ത് നെൽകൃഷി ചെയ്തുപോന്നിരുന്നതും പിന്നീട് തരിശിട്ടിരിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ഇത്തരം വയൽ ഭൂമികൾ വ്യാവസായിക ആവശ്യത്തിനായി നികത്തുവാൻ നിയമമില്ല എന്നിരിക്കെ നിയമവ്യവസ്ഥയെ കാറ്റിൽപ്പറത്തിക്കൊണ്ട് ദേശീയ പാതക്കിരുവശങ്ങളിലുമായി ഭൂമി തരിശ്ശിടുന്നത് ദുരുദ്ദേശത്തോടുകൂടിയാണെന്നും അതിനെതിരേ നടപടിയെടുക്കണമെന്നും ജില്ല ഭരണാധികാരിയായ കലക്ടറുടെയും ആർഡിഒയുടെയും മുമ്പിൽ 2019 മുതൽ തന്നെ പരാതി നിലനിൽക്കെയാണ് ഇത്തരത്തിൽ ഡാറ്റാബാങ്കിൽ നിന്നും ഭൂമി ഒഴിവാക്കുന്ന തട്ടിപ്പ് നടത്തിയിട്ടുള്ളത്.

എന്നാൽ 2008 ൽ നെൽകൃഷിയ്ക്ക് അനുയോജ്യമായിരുന്ന വയൽ ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നിയമമില്ലെന്ന് മാത്രമല്ല, പരാതിയിൽ മേൽ നടപടിയെടുക്കാൻ മടിക്കുന്ന ജില്ലാ കലക്ടറും, ആർഡിഒയും ഭൂമി തരം മാറ്റുന്നതിനും, ഈ ഭൂമിയിൽ നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുന്നതിനും യഥേഷ്ടം അനുമതികൾ നൽകിക്കൊണ്ടിരിക്കുന്നു.

ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ക്രമവിരുദ്ധമായി നടത്തിയിട്ടുള്ള ഭൂമി തരം മാറ്റൽ ഉത്തരവ് റദ്ദ് ചെയ്യുവാൻ പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദേശം നൽകണം. പരിവർത്തനാനുമതി നൽകിയത് റദ്ദാക്കുകയും, പ്രസ്തുത നെൽവയലുകൾ വീണ്ടും ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തി അവിടെ വകുപ്പ് 15 ,16 പ്രകാരം നെൽകൃഷിയിറക്കുന്നതിനുള്ള നിർദേശം കണ്ണാടി പ്രാദേശികതല നിരീക്ഷണ സമിതിക്ക് നൽകണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.

വിഷയത്തിൽ സമഗ്രമായ അന്വേഷണം പ്രഖാപിച്ച്, ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നെൽവയൽ നികത്തുന്നതിന് ഒത്താശചെയ്ത മുഴുവൻ ഉദ്യോഗസ്ഥരെയും വകുപ്പുതല അന്വേഷണത്തിന് വിധേയമാക്കണമെന്നും ഹരിത ഡെവലപ്പ്മെൻറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Similar News