കേരളത്തിലെ കൊവിഡാന്തര ടൂറിസം സജീവമാകുന്നു;1200 ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഢംബര കപ്പല്‍ നാളെ കൊച്ചിയില്‍

മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കോര്‍ഡേലിയ ക്രൂയിസസിന്റെ എം വി എംപ്രസ് കപ്പലിലെ 800 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകള്‍ അടുത്തറിയാനായി നാളെ തീരത്ത് ഇറങ്ങുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായാണ് കപ്പല്‍ കൊച്ചിയില്‍ എത്തുന്നത്.നാളെ രാവിലെ അഞ്ചിന് ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടും.

Update: 2021-09-21 10:52 GMT

കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി എം വി എംപ്രസ് ആഢംബര കപ്പല്‍ നാളെ കൊച്ചിയില്‍ എത്തും.മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 800 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകള്‍ അടുത്തറിയാനായി തീരത്ത് ഇറങ്ങുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായാണ് കോര്‍ഡേലിയ ക്രൂയിസസിന്റെ എം വി എംപ്രസ് കപ്പല്‍ കൊച്ചിയില്‍ എത്തുന്നത്.നാളെ രാവിലെ അഞ്ചിന് ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടും. 6.30 ഓടെ സഞ്ചാരികള്‍ പുറത്തിറങ്ങും. പിന്നീട് ഇവര്‍ നഗരത്തിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളടക്കമുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മൂന്ന് സംഘങ്ങളായി പ്രത്യേകം ബസ്സുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര.

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ യാത്രികര്‍ക്ക് കേരളത്തിന്റെ സംസ്‌കാരത്തെയും ജീവിതത്തെയും അടുത്തറിയാന്‍ അവസരം ലഭിക്കും. സഞ്ചാരികള്‍ കൊച്ചി കായലിലൂടെയുള്ള ബോട്ട് യാത്രയുടെയും ഭാഗമാകും. വൊയേജര്‍ കേരളയാണ് ടൂര്‍ ഏജന്റ്. വൈകിട്ട് മൂന്നി ന് കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.കൊവിഡ് പ്രതിസന്ധി മറികടന്ന് കേരളത്തിന്റെ ടൂറിസം മേഖല സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള എംപ്രസ് കപ്പലിന്റെ വരവിലൂടെ ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ യാത്രികര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിള്‍ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിലെ വിനോദസഞ്ചാര മേഖല അതിവേഗം തിരിച്ചു വരികയാണെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു പറഞ്ഞു. സഞ്ചാരികളെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജ്ജമാണെന്നും സജീവമായ ഒരു ടൂറിസം സീസണാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത് കോവിഡ് പ്രതിസന്ധി മറികടന്ന് മുന്നോട്ടുപോകാന്‍ കേരളത്തെ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു. അടുത്തിടെ കേരളം പ്രഖ്യാപിച്ച സമഗ്ര കാരവന്‍ ടൂറിസം നയം സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News