പ്രവാസികളുടെ സ്വന്തം മണ്ണിലേക്കുള്ള മടങ്ങിവരവിനെ അധികാരം ഉപയോഗിച്ച് തടയാന്‍ അനുവദിക്കില്ല: എം കെ ഫൈസി
കേന്ദ്രസര്‍ക്കാര്‍ യാത്രാക്കൂലി വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുമ്പോള്‍ ക്വാറന്റൈന്‍ ചെലവ് അടിച്ചേല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടെന്നു തെളിയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപന ഭീതിയില്‍ തീരാദുഖത്തില്‍ കഴിയുന്ന പ്രവാസികളുടെ സ്വന്തം മണ്ണിലേക്കുള്ള മടങ്ങിവരവിനെ അധികാരം ഉപയോഗിച്ച് തടയാന്‍ ഒരു ഭരണകൂടത്തെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. അവരുടെ മടക്കയാത്രയെ കുതന്ത്രത്തിലൂടെ വൈകിപ്പിക്കാനും ആരെയും അനുവദിക്കില്ലെന്നും അതിനായി ഏതറ്റംവരെ പോവാനും എസ്ഡിപിഐ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം കെ ഫൈസി. വരാനാഗ്രഹിക്കുന്നു മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കണം. അതിനായി സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണം. മടക്കയാത്രയുടെ ഷെഡ്യൂള്‍ ഉടന്‍ തയ്യാറാക്കണം. പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന അമിത വിമാനക്കൂലി പിന്‍വലിക്കുക, കോവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, മതിയായ ധനസഹായം നല്‍കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആഹാരവും ചികില്‍സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മഹാമാരിയുടെ ദുരന്തകാലത്തും സാധാരണക്കാരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ല. കോര്‍പറേറ്റ് ദാസ്യം തുടരുകയാണ്. തന്ത്രപ്രധാന മേഖലകള്‍ ഒന്നൊന്നായി സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കുകയാണ്. ആപല്‍ഘട്ടത്തില്‍ പോലും വംശീയതയില്‍ മുന്നേറാനും വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാനുമാണ് ബിജെപി സര്‍ക്കാര്‍ ശ്രമം. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ വഞ്ചിക്കുന്നതില്‍ പരസ്പരം മല്‍സരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ യാത്രാക്കൂലി വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുമ്പോള്‍ ക്വാറന്റൈന്‍ ചെലവ് അടിച്ചേല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടെന്നു തെളിയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചായിരുന്നു സമരപരിപാടി സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പോലിസ് സമരനേതാക്കളെ അറസ്റ്റുചെയ്തു.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി നൂജൂം മൗലവി സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, കേരളാ പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം പറക്കാടന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ട്രഷറര്‍ സബീന വള്ളക്കടവ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം സംബന്ധിച്ചു.