മഅ്ദനിയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: വെല്‍ഫെയര്‍ പാര്‍ട്ടി

ആരോഗ്യനില അത്യന്തം ഗുരുതരമായ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Update: 2019-09-21 10:14 GMT

തിരുവനന്തപുരം: ആരോഗ്യനില അത്യന്തം ഗുരുതരമായ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നിലവിലെ കര്‍ശന ജാമ്യ വ്യവസ്ഥ മൂലം ബാംഗ്ലൂര്‍ വിട്ട് പുറത്ത് പോകാനാവില്ല. നാല് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാമെന്ന് 2013ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിക്ക് ഉറപ്പ് നല്‍കിയതായിരുന്നു. കേസ് വിചാരണ വൈകിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നു. ഇത് കോടതിയലക്ഷ്യമാണ്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിയമപരമായ നടപടിക്ക് സാധ്യത ആരായണം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍ക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണം.

കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. വിദേശത്ത് ജയിലിലടക്കപ്പെട്ട എന്‍ഡിഎ മുന്നണി നേതാവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെട്ട് ജയിലിലായ ദിവസം തന്നെ ഇടപെട്ട കേരള മുഖ്യമന്ത്രി സ്വന്തം രാജ്യത്തായിട്ടും മഅ്ദനിയുടെ ചികിത്സക്കായി ഇടപെടാതിരിക്കുന്നത് അധാര്‍മികമാണ്. നിരപരാധിയായിട്ടും 20 വര്‍ഷക്കാലം കോയമ്പത്തൂരിലും ബാംഗ്ലൂരിലുമായി വിചാരണ തടവുകാരനായി പീഡിപ്പിക്കപ്പെട്ട മഅ്ദനിക്ക് ഇനിയെങ്കിലും നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. 

Tags:    

Similar News