മലയാള സിനിമയുടെ ആദ്യ വനിതാ നിര്‍മ്മാതാവ് ആരിഫ ഹസന്‍ ഓര്‍മ്മയായി

ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്. സംവിധായകനും, നിര്‍മ്മാതാവുമായിരുന്ന ഹസന്റെ സഹകരണമായിരുന്നു സിനിമാ നിര്‍മാണത്തിനു പ്രചോദനം നല്‍കിയത്.

Update: 2020-03-11 15:21 GMT

കൊച്ചി; മലയാള സിനിമയിലെ ആദ്യ വനിതാ നിര്‍മാതാവ് ആരിഫ ഹസ്സന്‍ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ആരിഫ.ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്. സംവിധായകനും, നിര്‍മ്മാതാവുമായിരുന്ന ഹസന്റെ സഹകരണമായിരുന്നു സിനിമാ നിര്‍മാണത്തിനു പ്രചോദനം നല്‍കിയത്.

പെരിയാര്‍, ചഞ്ചല, ടൂറിസ്റ്റ് ബംഗ്ലാവ് ,അഷ്ടമി രോഹിണി ,വനദേവത,കാമധേനു,അമ്മായിയമ്മ ,സൊസൈറ്റി ലേഡി,ചക്രായുധം,അവള്‍ നിരപരാധി,സ്‌നേഹ ബന്ധം,ബെന്‍സ് വാസു,മൂര്‍ഖന്‍,കാഹളം,ഭീമന്‍,തടാകം, അനുരാഗ കോടതി ,അസുരന്‍ , ജനകീയ കോടതി , രക്ഷസ്, രാധയുടെ കാമുകന്‍,നേതാവ്,അഷ്ട ബന്ധനം ,ശുദ്ധമദ്ദളം,സാമ്രാജ്യം,തമിഴ് സിനിമ നാംഗിള്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍.നാടക നടനായിരുന്ന തിലകന് സിനിമയില്‍ അവസരം നല്‍കിയത് പെരിയാര്‍ എന്ന സിനിമയിലൂടെയായിരുന്നു.പി ജെ ആന്റണിയായിരുന്നു സിനിമയുടെ സംവിധായകന്‍. സുജാതയെ ആദ്യമായി പിന്നണി പാടിച്ചത് ആരിഫയായിരുന്നു .ടൂറിസ്റ്റ് ബംഗ്ലാവായിരുന്നു ചിത്രം. ഉണ്ണിമേരിക്ക് അഷ്ടമിരോഹിണി എന്ന ചിത്രത്തിലൂടെയും അവസരം നല്‍കി.

ജോഷി എന്ന സംവിധായകന്‍ വരവറിയിച്ചത് ആരിഫ നിര്‍മ്മിച്ച മൂര്‍ഖന്‍ എന്ന സിനിമയിലൂടെയാണ്. ഭീമന്‍ രഘുവിന് സിനിമയില്‍ അവസരം നല്‍കിയതും ഇവര്‍ തന്നെ.ഇവയില്‍ ആരിഫയുടെ അഞ്ചു ചിത്രങ്ങള്‍ ഭര്‍ത്താവ് ഹസനാണ് സംവിധാനം ചെയ്തത്. ബെന്‍സ് വാസു ,ഭീമന്‍,അസുരന്‍,നേതാവ്,രക്ഷസ് എന്നിവയാണ് ആ ചിത്രങ്ങള്‍.മകന്‍ അജ്മല്‍ ഹസനും സിനിമാ നിര്‍മ്മാണ രംഗത്താണ് റിഷി,നരകാസുരന്‍ ,സാമ്രാജ്യം-2 ,തീഹാര്‍ ,ഉണ്ട ,അടുത്ത ഘട്ടം (തമിഴ്) എന്നീ ആറു പടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് .അന്‍വര്‍, അല്‍ത്താഫ്, പരേതരായ അഷ്‌ക്കര്‍, അഫ്‌സല്‍ എന്നിവരാണ് മറ്റു മക്കള്‍.മരുമക്കള്‍: ഷെക്കീല ,സീന, രേഖ. 

Tags:    

Similar News