കൊച്ചി: സജീവരാഷ്ട്രീയത്തില്‍ താല്‍പര്യം ഇല്ലെന്ന് മമ്മൂട്ടി. മത്സരിക്കണം എന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും തന്നോട് ആവശ്യപ്പെട്ടിട്ടില്ലന്നും മമ്മൂട്ടി പറഞ്ഞു. പ്രീസ്റ്റ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആണ് രാഷ്ട്രീയത്തേകുറിച്ച് മമ്മൂട്ടി സംസാരിച്ചത്. മമ്മൂട്ടി ചിത്രം പ്രീസ്റ്റ് വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.
രാഷ്ട്രീയനിലപാട് ഉണ്ട്. പക്ഷെ സജീവ രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ല. രാഷ്ട്രീയത്തിലേക്കു ഇറങ്ങുന്നതിനെപ്പറ്റിയൊന്നും ഞാന്‍ ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. സിനിമയാണ് ഇപ്പോള്‍ എന്റെ രാഷ്ട്രീയം. അതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്'.
സിനിമാ വ്യവസായത്തെ പിടിച്ചു നിര്‍ത്താനാണ് സെക്കന്‍ഡ് ഷോ അനുവദിക്കും വരെ കാത്തിരുന്നത്. വ്യത്യസ്ത പ്രമേയം ആണ് പ്രീസ്റ്റ് സിനിമയുടേതെന്നും മമ്മൂട്ടി പറഞ്ഞു. നടി മഞ്ജു വാര്യരും മമ്മൂട്ടിക്കൊപ്പം സിനിമയുടെ വിശേഷങ്ങള്‍ പങ്കിടാനെത്തിയിരുന്നു.
മമ്മൂട്ടി യും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രീസ്റ്റ്.. മുഖ്യമന്ത്രിയായി
വേഷമിട്ട 'വണ്‍' എന്ന ചിത്രത്തിലെപ്പോലെ ഭാവിയില്‍ മുഖ്യമന്ത്രിയായാല്‍ എന്തൊക്കെ ചെയ്യുമെന്നു ചോദിച്ചപ്പോള്‍ ''അങ്ങനെയല്ലല്ലോ, അങ്ങനെയാകാന്‍ ഒരു സാധ്യതയുമില്ല'' എന്നായിരുന്നു മറുപടി.
കൊവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിയേറ്ററിലെത്തുന്ന തന്റെ ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെയാണ് 'പ്രീസ്റ്റി'നെ കാത്തിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതലുള്ള മോഹമായിരുന്നു മമ്മുക്കക്കൊപ്പം ഒരു സിനിമയെന്നതും. അതിപ്പോള്‍ സഫലമായതില്‍ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ, സംഗീത സംവിധായകന്‍ രാഹുല്‍ രാജ്, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.