കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്, ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചയാള്‍ ആത്മഹത്യ ചെയ്തു

വീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ചശേഷം മുറ്റത്തിറങ്ങി ദേഹത്ത് തീ കൊളുത്തുകയായിരുന്നു.

Update: 2021-09-20 06:05 GMT

കൊട്ടിയം: കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചയാള്‍ ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തി മരിച്ചു. പള്ളിമണ്‍ കാഞ്ഞിരത്തിങ്കല്‍ രഘുസദനത്തില്‍ രഘുനാഥന്‍ പിള്ള(55)യാണ് മരിച്ചത്. ലൈസന്‍സില്ലാതെ ബൈക്കോടിച്ച് അപകടത്തില്‍പ്പെട്ട് സഹയാത്രികന്‍ മരിച്ച കേസില്‍ കോടതിയില്‍ ഹാജരാകാന്‍ രഘുനാഥന്‍ പിള്ളയ്ക്ക് സമന്‍സ് ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

വീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ചശേഷം മുറ്റത്തിറങ്ങി ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചികിൽസയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. മലേവയല്‍ മേലേവിള പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് രഘുനാഥന്‍ പിള്ള ഓടിച്ച ബൈക്ക് മറിഞ്ഞ് പിന്‍സീറ്റിലിരുന്ന ബന്ധു മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ഒരാഴ്ച്ച മുമ്പ് സമന്‍സ് ലഭിച്ചു. അന്നുമുതല്‍ അദ്ദേഹം ദുഃഖിതനായിരുന്നെന്ന് പോലിസ് പറഞ്ഞു. തിങ്കളാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: രമണി അമ്മ. മക്കള്‍: രശ്മി, രേഷ്മ. മരുമക്കള്‍: അഭിലാഷ്, അജീഷ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Similar News