മഞ്ചേരി മെഡിക്കല്‍ കോളജ്: 100 എംബിബിഎസ് സീറ്റുകള്‍ക്ക് സ്ഥിരാംഗീകാരം

സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനിമുതല്‍ ഓരോ അഡ്മിഷന് മുമ്പും എംസിഐ പരിശോധനകള്‍ ഉണ്ടാകില്ല. പകരം 5 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പരിശോധനകള്‍ നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുക.

Update: 2019-05-03 10:15 GMT

തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 100 എംബിബിഎസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതായി മന്ത്രി കെ കെ ശൈലജ. ഈ മെഡിക്കല്‍ കോളജില്‍ നിന്നും ആദ്യബാച്ച് പഠിച്ചിറങ്ങിയ സമയത്ത് തന്നെ സ്ഥിരാംഗീകാരം ലഭിക്കുന്നത് വലിയ നേട്ടമാണ്. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ അംഗീകാരം നിലനിത്താനായി സര്‍ക്കാര്‍ നടത്തിയ വലിയ ഇടപെടലുകളുടെ ഫലം കൂടിയാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനിമുതല്‍ ഓരോ അഡ്മിഷന് മുമ്പും എംസിഐ പരിശോധനകള്‍ ഉണ്ടാകില്ല. പകരം 5 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പരിശോധനകള്‍ നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുക.

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ 2013ലാണ് മെഡിക്കല്‍ കോളജായി ഉയര്‍ത്തിയത്. കോളജിന് മതിയായ സൗകര്യമില്ലാത്തതിനാല്‍ അംഗീകാരം നഷ്ടമായിക്കൊണ്ടിരുന്ന സാഹചര്യത്തിൽ എംസിഐ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ച് അംഗീകാരം നിലനിര്‍ത്തി. ഇതിനായി 10 തസ്തികകള്‍ സൃഷ്ടിച്ചു. അധ്യാപക ഒഴിവുകള്‍ പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷന്‍ വഴിയും നികത്തി. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തു. ഏറ്റവും അത്യാധുനികമായ രീതിയില്‍ സെന്‍ട്രല്‍ ലൈബ്രറി നവീകരിച്ചു.

താമസ സൗകര്യമൊരുക്കുന്നതിനായി 103.86 കോടി രൂപ അനുവദിച്ച് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിറ്റ്‌കോ വഴി ആരംഭിച്ചു. എംസിഐ നിഷ്‌കര്‍ഷിച്ച ഹോസ്റ്റല്‍ സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കാനായി അദ്ധ്യാപക-അനദ്ധ്യാപക ക്വാര്‍ട്ടേഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റലുകളും സ്ഥാപിച്ചു വരുന്നു. 24 കുടുംബങ്ങള്‍ക്കായുള്ള അദ്ധ്യാപക ക്വാര്‍ട്ടേഴ്‌സും 37 കുടുംബങ്ങള്‍ക്ക് താമസിക്കുവാനുള്ള 10 നിലകളിലായുള്ള അനദ്ധ്യാപക ക്വാര്‍ട്ടേഴ്‌സുമാണുള്ളത്. 450 ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിക്കുന്നതിനായി 9 നില കെട്ടിടസമുച്ചയവും 225 ഓളം ആണ്‍കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള 6 നില കെട്ടിടവും സജ്ജമാക്കി വരുന്നു. 600 പേരെ ഉള്‍ക്കൊള്ളാവുന്ന ആധുനിക രീതിയിലുള്ള ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജിന്റെയും മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഈ സ്ഥലത്ത് കായിക പരിശീലനം നടത്തുന്നതിനായി മികച്ച ഗ്രൗണ്ടും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    

Similar News