കര്‍ണാടകയുടെ യാത്രാ നിയന്ത്രണങ്ങള്‍ക്കെതിരേ മഞ്ചേശ്വരം എംഎല്‍എ സുപ്രിംകോടതിയിൽ
കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് എ കെ എം അഷറഫ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ ഫലം വേണമെന്ന നിബന്ധന റദ്ദാക്കണമെന്നാണ് ആവശ്യം. നിയന്ത്രണങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്നും ഹരജിയില്‍ അഷറഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് എ കെ എം അഷറഫ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി പേര്‍ ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എന്നും മംഗലാപുരം ഉള്‍പ്പടെയുള്ള ദക്ഷിണ കന്നഡയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരാണ്. അതിനാല്‍ തന്നെ എല്ലാ മൂന്ന് ദിവസത്തിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നാണ് ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രത്തിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറന്നതിനാല്‍ വിദ്യാര്‍ഥികളെ പൂര്‍ണമായും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നിർദേശിക്കണമെന്നും അഷറഫ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഷറഫ് ഫയല്‍ ചെയ്ത ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് സുപ്രിംകോടതിയില്‍ എ കെ എം അഷറഫിന്റെ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.