മീറ്റ് ദ മിനിസ്റ്റര്‍: തുടര്‍ അദാലത്തില്‍ എറണാകുളത്ത് 36 പരാതികള്‍ക്ക് പരിഹാരം
മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ തുടര്‍പരിപാടി എന്ന നിലയിലാണ് സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തിയത്. ആകെ എത്തിയ 48 പരാതികളില്‍ 36 പരാതികള്‍ക്ക് പരിഹാരമായി. ബാക്കിയുള്ള 12 പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കാനും ധാരണയായി
കൊച്ചി: വ്യവസായ സ്ഥാപനങ്ങളും സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ തുടര്‍പരിപാടി എന്ന നിലയില്‍ സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ ആകെ 48 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 36 പരാതികള്‍ക്ക് പരിഹാരമായി. ബാക്കിയുള്ള 12 പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കാനും ധാരണയായി. ജൂണ്‍ 15ന് നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ സമര്‍പ്പിക്കപ്പെട്ട അന്നേ ദിവസം ഹിയറിംഗ് നടത്താന്‍ കഴിയാതിരുന്ന പരാതികളാണ് പരിഗണിച്ചത്.
വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകര്‍ വര്‍ഷങ്ങളായി നേരിട്ട പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്. വിവിധ വകുപ്പുകള്‍ നല്‍കേണ്ട അനുമതികള്‍, ട്രാന്‍സ്‌ഫോമറിന്റെ ശേഷി വര്‍ധിപ്പിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബിയുടെ അനുമതി ലഭിക്കാത്ത പ്രശ്‌നങ്ങള്‍, 1964 ലെ പുതുവല്‍ പട്ടയവുമായി ബന്ധപ്പെട്ട പരാതി, കെട്ടിട നിര്‍മ്മാണത്തിന് മണ്ണെടുക്കാന്‍ ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം, പ്ലൈവുഡ് യൂനിറ്റുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി ലഭിക്കാത്ത പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്. ജില്ലാ കലക്ടറുടെയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെയും അധ്യക്ഷതയിലുള്ള സമിതിയാണ് പരാതികള്‍ പരിഗണിച്ചത്. പരാതിക്കാരെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ഏകോപിപ്പിച്ചാണ് പരാതികള്‍ തീര്‍പ്പാക്കിയത്.
ജില്ലയിലെ ഏകജാലക സംവിധാനം വഴി ഇനിയും പരാതികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഇതേ രീതിയില്‍ വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തര ശ്രമമുണ്ടാകും. മറ്റു ജില്ലകള്‍ക്കും മാതൃകയാക്കാവുന്ന പരാതി പരിഹാര അദാലത്താണ് സംഘടിപ്പിച്ചതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, സബ് കലക്ടര്‍ ഹാരിസ് റഷീദ്, അസിസ്റ്റന്റ് കലക്ടര്‍ സച്ചിന്‍ യാദവ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബിജു പി. എബ്രഹാം പങ്കെടുത്തു.