പോലിസ് സേനയിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി

മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും ആരോഗ്യകരമാവണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ചുമതലയില്‍ വീഴ്ച വരുമ്പോള്‍ സ്വാഭാവികമായും മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകും. അക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല.

Update: 2019-09-05 15:23 GMT

തിരുവനന്തപുരം: പോലിസ് സേനാംഗങ്ങള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷവും ആത്മഹത്യാ പ്രവണതയും തടയുന്നതിന് സേനയില്‍ കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പോലിസ് സേനാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവും ഉണ്ടെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയും. പോലിസ് സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യാപ്രവണത തടയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും ആരോഗ്യകരമാവണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ചുമതലയില്‍ വീഴ്ച വരുമ്പോള്‍ സ്വാഭാവികമായും മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകും. അക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല. എന്നാല്‍ സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങള്‍ ജില്ലാ പോലിസ് മേധാവിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാന്‍ ശ്രമിക്കണം.

ജില്ലാ പോലിസ് മേധാവിയും മുകളിലുള്ള ഉദ്യോഗസ്ഥരും തമ്മില്‍ കൃത്യമായ ആശയവിനിമയം ഉണ്ടാകണം. പോലിസ് സേനയില്‍ ചേരുന്നവര്‍ക്ക് അവരുടെ ചുമതലകളെപ്പറ്റി നല്ല ബോധമുണ്ടാകണം. ഉത്തരവാദിത്വം വളരെ വലുതാണെന്ന് അവര്‍ മനസ്സിലാക്കണം. കുടുംബത്തെ വിട്ട് ജോലി ചെയ്യേണ്ട സാഹചര്യം എപ്പോഴുമുണ്ടാകാം. ഇതൊക്കെ മാനസിക സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.

സേനാംഗങ്ങള്‍ക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സംബന്ധിച്ച അന്വേഷണം അനന്തമായി നീണ്ടുപോകരുത്. പോലിസിനെതിരെ ഉയരു ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചെവി കൊടുക്കു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അര്‍ഹതപ്പെട്ട പ്രൊമോഷന്‍ കൃത്യസമയത്ത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അര്‍ഹത നേടിയെടുക്കാന്‍ കോടതിയില്‍ പോകേണ്ട സ്ഥിതിയുണ്ടാകരുത്.

കുറ്റാന്വേഷണത്തിലും ക്രസമാധാനപാലനത്തിലും കേരള പോലിസ് വലിയ മികവ് പുലര്‍ത്തുന്നുണ്ട്. സ്ത്രീസൗഹാര്‍ദപരമായ നിലപാടാണ് പോലിസിനുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് പോലിസ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും പോലിസിന്റെ പ്രതിച്ഛായ മോശമായി ചിത്രീകരിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ തെറ്റു ചെയ്യുവരോട് ഒരു വിട്ടുവീഴ്ചയും പോലിസിനുണ്ടാകില്ല. പോലിസ് സേനയില്‍ കൗസലിങ്ങിന് കൂടുതല്‍ ഫലപ്രദമായ സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്‍, എഡിജിപിമാരായ ആര്‍ ശ്രീലേഖ, ബി സന്ധ്യ, ദര്‍വേഷ് സാഹിബ് തുടങ്ങിയ ഉയര്‍ ഉദ്യോഗസ്ഥരും കേരള പോലിസ് അസോസിയേഷന്‍, കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലിസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.  

Tags:    

Similar News