കൊവിഡ് മൂന്നാംഘട്ടം അപകടകരം; കേരളം ഒറ്റക്കെട്ടായി പോരാടണമെന്ന് ആരോഗ്യമന്ത്രി
രോഗികൾ ക്രമാതീതമായി കൂടിയാൽ നിലവിലെ ശ്രദ്ധ നൽകാനാവില്ല. കൊവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.
തിരുവനന്തപുരം: കൊവിഡ് മൂന്നാംഘട്ടം അപകടകരമെന്നും സർക്കാർ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. രോഗികൾ ക്രമാതീതമായി കൂടിയാൽ നിലവിലെ ശ്രദ്ധ നൽകാനാവില്ല. കൊവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം. ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു.
പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രണ്ടും കൽപിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സർക്കാർ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ വാക്സിനായുള്ള പരീക്ഷണം തുടങ്ങി. ഐസിഎംആറുമായി ചേർന്നാണ് പ്രവർത്തനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ജില്ലകളെ സോണുകളായി വേര്‍തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിച്ചേക്കും. ആരോഗ്യവകുപ്പ് നിശ്ചയിച്ച കണ്ടെയ്ന്മെന്റ് സോണായ സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനിമുതല്‍ കര്‍ശന നിയന്ത്രണം തുടരുക. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ പുറത്തുവരും.