കേരളാ ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നാടിന്റെ പൊതുവായ സാമ്പത്തിക മുന്നേറ്റത്തില്‍ നിര്‍ണ്ണായക ശക്തിയായ പ്രവാസികളെ ദേശസാല്‍കൃത ബാങ്കുകള്‍ അവഗണിക്കുകയാണ്. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാന്‍ നിയമപരമായി സഹകരണ ബാങ്കുകള്‍ക്കാവില്ല. എന്നാല്‍ കേരളാ ബാങ്ക് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമാകും

Update: 2019-09-09 14:38 GMT

കൊച്ചി: കേരളാ ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.പ്രവാസികള്‍ക്കായി ആരംഭിച്ച ജില്ലയിലെ ആദ്യ സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതുവായ സാമ്പത്തിക മുന്നേറ്റത്തില്‍ നിര്‍ണ്ണായക ശക്തിയായ പ്രവാസികളെ ദേശസാല്‍കൃത ബാങ്കുകള്‍ അവഗണിക്കുകയാണ്. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാന്‍ നിയമപരമായി സഹകരണ ബാങ്കുകള്‍ക്കാവില്ല. എന്നാല്‍ കേരളാ ബാങ്ക് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമാകും.

പ്രവാസ നിക്ഷേപം സ്വീകരിക്കുന്ന ദേശസാല്‍കൃത - ന്യൂജനറേഷന്‍ ബാങ്കുകള്‍ ഏറെ നാളത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളോട് ഉദാര സമീപനം കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സംഘം പ്രസിഡന്റ് വി.ആര്‍ അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം എസ് ശര്‍മ്മ എംഎല്‍എയും, പ്രവാസി പുനരധിവാസ പാക്കേജ് ഉദ്ഘാടനം കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും, ലോഗോ പ്രകാശനം മുന്‍ എംഎല്‍എ ഗോപി കോട്ടമുറിക്കലും നിര്‍വ്വഹിച്ചു. പ്രവാസി തര്‍ക്ക പരിഹാര സെല്‍ അംഗങ്ങളായ എം യു അഷ്‌റഫ്, വിജി ശ്രീലാല്‍, കയര്‍ ശമ്പള പരിഷ്‌കരണ കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍ ബോസ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോസ് സംസാരിച്ചു. 

Tags:    

Similar News