മന്ത്രി സജി ചെറിയാൻ നടത്തിയത് അധികാര ദുർവിനിയോഗം; പദവിയിൽ തുടരാൻ ധാർമികമായി അർഹതയില്ല

ചില വീടുകളിൽ അദ്ദേഹം നേരിട്ട് പ്രവേശിച്ചു ഗുണ്ടകളെ ഉപയോഗിച്ച് കെ റെയിലിന്റെ കുറ്റികൾ സ്ഥാപിക്കുകയും ആയതിന്റെ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

Update: 2022-03-29 14:07 GMT

തിരുവനന്തപുരം: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ എംഎൽഎയും കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സജി ചെറിയാൻ ഇന്നേ ദിവസം തന്റെ മണ്ഡലത്തിൽ സിൽവർ ലൈൻ അലൈന്മെന്റ് കടന്നു പോകുന്ന മുളക്കുഴ പ്രദേശങ്ങളിലെ വീടുകളിലെത്തി കെ റെയിൽ പദ്ധതിക്കു സ്ഥലം വിട്ടുകൊടുത്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു പറഞ്ഞ് വീട്ടുടമകളെ ഭീഷണിപ്പെടുത്തിയതായി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആരോപിച്ചു.

ചില വീടുകളിൽ അദ്ദേഹം നേരിട്ട് പ്രവേശിച്ചു ഗുണ്ടകളെ ഉപയോഗിച്ച് കെ റെയിലിന്റെ കുറ്റികൾ സ്ഥാപിക്കുകയും ആയതിന്റെ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഉടമകളുടെ സമ്മതവും അനുമതിയും ഇല്ലാതെ വീടുകളിൽ അതിക്രമിച്ചു കയറി കെ റെയിൽ കല്ല് സ്ഥാപിച്ചത് മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിനു നിരക്കാത്തതും നിയമവിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവും ആണ്. നിർദ്ധനരും നിസഹായരുമായ ജനങ്ങൾക്കു നേരെ മന്ത്രി, അധികാരപദവിയുടെ ബലം പ്രയോഗിക്കുകയാണ് ചെയ്തതെന്ന് സമിതി പ്രസ്താവനയിൽ പറഞ്ഞു.

സർവ്വേ നടത്താനും അതിരടയാള കല്ല് സ്ഥാപിക്കാനും അധികാരമുള്ളത് അതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കു മാത്രമാണ്. മന്ത്രിക്ക് അതിന് ഒരു വിധ അധികാരവുമില്ല. ക്രമസമാധാന പാലനത്തിനായി ആഭ്യന്തര മന്ത്രിക്ക് ജനങ്ങൾക്കു നേരെ ലാത്തി വീശാൻ അധികാരമുണ്ടോ?, റവന്യൂ മന്ത്രിക്ക് നേരിട്ടുള്ള നികുതി പിരിവിന് അധികാരമുണ്ടോ?, ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ ക്രിമിനൽ ട്രെസ്പാസ്സിങ് നടത്തി നിയമം കയ്യിലെടുത്തു ഭൂ ഉടമയെ ഭീഷണിപ്പെടുത്തി ഇപ്രകാരം കല്ല് നാട്ടിയ മന്ത്രി സജി ചെറിയാന് ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. 

Similar News