ഭൂരിപക്ഷം സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനം കാണിക്കുന്നു: ധനമന്ത്രി
ജിഎസ്ടി നഷ്ടപരിഹാര തുക നാല് മാസത്തെ കേന്ദ്രം നൽകാനുണ്ട്. ഇത് ഉടനെ നൽകണം. ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് വരുമാനമില്ല.
തിരുവനന്തപുരം: കൊവിഡിനെതിരായ നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കേന്ദ്ര സഹായമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനമാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖരായ പണ്ഡിതർ ഉൾപ്പെടെ അടങ്ങുന്ന സംഘം പൊതു ആവശ്യങ്ങൾ അടങ്ങിയ പത്രിക പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സഹായിച്ചില്ലെങ്കിലും വേണ്ട, തരാനുള്ള പണം എങ്കിലും തരണം. ജിഎസ്ടി നഷ്ടപരിഹാര തുക നാല് മാസത്തെ കേന്ദ്രം നൽകാനുണ്ട്. ഇത് ഉടനെ നൽകണം. ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് വരുമാനമില്ല. ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ വരുമാനം വൻതോതിൽ കുറഞ്ഞു. മേയിൽ സ്ഥിതി ഇതിലും മോശമാകും. കുടിശികകൾ തീർക്കുന്നത് വൻ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.