പ്ലസ് വണ്‍ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജം; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വോക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. ആര്‍ഡിഒമാര്‍, എഡിമാര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍, അസി. കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുമായി പൊതുവിദ്യാഭ്യാസ മന്ത്രി ആശയവിനിമയം നടത്തി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു, ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ എസ് എസ് വിവേകാനന്ദന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തിയ്യതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ആര്‍ഡിഒമാരുടേയും എഡിമാരുടേയും നേതൃത്വത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പ് വരുത്തും. ആര്‍ഡിഒമാര്‍ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറകടര്‍ക്ക് റിപോര്‍ട്ട് നല്‍കണം. പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.