സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം;അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

നെടുമ്പാശേരി സ്വദേശി കെ പി ഗോപിനാഥ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി

Update: 2021-09-24 16:55 GMT

കൊച്ചി: ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ വീടിന് മുന്നില്‍ ജലസംഭരണി നിര്‍മ്മിച്ച് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിനെതിരെ അന്വേഷണം നടത്താനാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് ഉത്തരവ് നല്‍കിയത്.

നെടുമ്പാശേരി സ്വദേശി കെ പി ഗോപിനാഥ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അദ്ദേഹത്തിന്റെ വീടിന് മുന്നിലാണ് അശാസ്ത്രീയമായ രീതിയില്‍ ജലസംഭരണി നിര്‍മ്മിച്ചത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.

2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജലസംഭരണി നിര്‍മ്മിച്ചത്. 6 ലക്ഷം രൂപയുടെ അടങ്കല്‍ തുകയില്‍ 5, 65,851/ രൂപ ചെലവഴിച്ചു. ജലസംഭരണിയുടെ നിര്‍മ്മാണം പരാതിക്കാരന്റെ വീടിന്റെ പ്രവേശനത്തിന് തടസ്സമുണ്ടാക്കി. മനപ്പള്ളി ചാല്‍ കുളത്തിലേക്ക് വെള്ളമെത്തിക്കാനാണ് ജലസംഭരണി നിര്‍മ്മിച്ചത്.

എന്നാല്‍ പ്രയോജനപ്പെട്ടില്ല. നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പരാതിക്കാരന്റെ അനുമതിയില്ലാതെ ജലസംഭരണി നിര്‍മ്മിച്ചതിനാല്‍ പരാതിക്ക് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷന്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.

Tags:    

Similar News