ചീരയാണെന്ന് തെറ്റിദ്ധരിച്ച് ഉമ്മത്തിന്റെ ഇല കറിവച്ചു കഴിച്ചു; വിഷബാധ തിരിച്ചറിഞ്ഞ ഡോക്ടര്‍മാരുടെ തക്കസമയത്തെ ചികില്‍സ കൊച്ചുമകളുടെ ജീവന്‍ രക്ഷിച്ചു

ചീരയാണെന്ന് കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് ഉമ്മം എന്നറിയപ്പെടുന്ന ഡാറ്റിയൂറ എന്ന ചെടിയായിരുന്നു. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ള ഈ ചെടി ഉള്ളില്‍ച്ചെന്നാല്‍ മരണം വരെ സംഭവിക്കാം. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകള്‍ മരിയ ഷാജിയ്ക്കുമാണ് വിഷബാധയേറ്റത്

Update: 2021-06-08 10:28 GMT

കൊച്ചി: വീട്ടിലുണ്ടാകുന്ന എല്ലാചെടികളും കണ്ണുപൂട്ടി പറിച്ച് കറിവച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയുടെയും കൊച്ചുമകളുടേയും അനുഭവങ്ങള്‍ പറയുന്നത്.ലോക്ഡൗണ്‍ ആയതിനാല്‍ പറമ്പില്‍ കണ്ട ചീരയോട് സാദൃശ്യം തോന്നുന്ന ചെടി കറി വെയ്ക്കുകയായിരുന്നു അമ്മൂമ്മ. ചീരയാണെന്ന് കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് ഉമ്മം എന്നറിയപ്പെടുന്ന ഡാറ്റിയൂറ എന്ന ചെടിയായിരുന്നു. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ള ഈ ചെടി ഉള്ളില്‍ച്ചെന്നാല്‍ മരണം വരെ സംഭവിക്കാം. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകള്‍ മരിയ ഷാജിയ്ക്കുമാണ് വിഷബാധയേറ്റത്.

മരിയ ആലുവ രാജഗിരി ആശുപത്രിയിലും അമ്മൂമ്മ സമീപത്തുള്ള ആശുപത്രിയിലുമാണ് ചികില്‍സ തേടിയത്. വീട്ടില്‍ അമ്മൂമ്മയും കാന്‍സര്‍ ബാധിച്ച് കിടപ്പുരോഗിയായ ഭര്‍ത്താവും മാത്രമാണ് താമസം.കറി കഴിച്ച് അല്‍പ്പസമയം കഴിഞ്ഞതോടെ അമ്മൂമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ചര്‍ദ്ദിയും പിച്ചും പേയും പറയാനും ബഹളം വയ്ക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയച്ചത്. ഉടന്‍ തന്നെ മകളും കുടുംബവും സ്ഥലത്തെത്തി.

കിടപ്പുരോഗിയായ അപ്പൂപ്പന്‍ വീട്ടിലുള്ളതിനാല്‍ 14 വയസുകാരിയായ മകളെ വീട്ടില്‍ നിര്‍ത്തിയശേഷം ഇവര്‍ അമ്മൂമ്മയയെയും കൊണ്ട് ആശുപത്രിയില്‍ പോവുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം വിശന്ന കുട്ടി അമ്മൂമ്മ ഉണ്ടാക്കിവച്ച കറിയും കൂട്ടി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ അമ്മൂമ്മ പ്രകടിപ്പിച്ച അതേ ലക്ഷണങ്ങള്‍ കുട്ടിയും കാണിച്ചതോടെ നാട്ടുകാരാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോള്‍ പിച്ചുപേയും പറയുകയും കടുത്ത രീതിയില്‍ ബഹളം വയ്ക്കുകയും ചെയ്യുന്ന കുട്ടിയ്ക്ക് നല്ല പനിയുമുണ്ടായിരുന്നു. കൃഷ്ണമണികള്‍ വികസിച്ചിരുന്നു. എന്‍സെഫാലിറ്റിസ് അഥവാ മസ്തിഷ്‌ക ജ്വരത്തിന്റതായ ലക്ഷണങ്ങളാണ് കുട്ടി കാണിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ എവിടെയെന്ന ഡോക്ടറുടെ അന്വേഷണമാണ് സംഭവം തിരിച്ചറിയാന്‍ കാരണമായത്. സമാനമായ ലക്ഷണങ്ങളുമായി കുട്ടിയുടെ അമ്മൂമ്മയെയും ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അവരോടൊപ്പമാണെന്നും നാട്ടുകാര്‍ അറിയിച്ചതോടെയാണ് ഇത് വിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചീരയെന്ന് കരുതി കറിവച്ചത് ഉമ്മത്തിന്റെ ഇലയായിരുന്നുവെന്ന് മനസ്സിലാകുന്നത്.

ഉടന്‍ തന്നെ ആമാശയത്തില്‍ നിന്നും ആഹാരം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ വിഷബാധ സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ കുട്ടിയ്ക്ക് അടിയന്തിര ചികില്‍സ ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ നില മെച്ചപ്പെട്ട കുട്ടി ആശുപത്രി വിട്ടു.എമര്‍ജന്‍സി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോക്ടര്‍ ജൂലിയസ്, പീഡിയാട്രിക് വിഭാഗം കണ്‍സല്‍ട്ടന്റ് ഡോക്ടര്‍ ബിപിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്.

പച്ച ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റിയൂറ ഇനോക്‌സിയ എന്ന ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇലകള്‍. തണ്ടുകളില്‍ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാല്‍ ചീരയാണെന്നേ തോന്നുകയുള്ളു. മനുഷ്യന്റെയോ കന്നുകാലികളുടെയോ ഉള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള വിഷച്ചെടിയാണ് ഉമ്മമെന്ന് കുട്ടിയെ ചികില്‍സിച്ച രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ ബിപിന്‍ ജോസ് പറഞ്ഞു.

ലോക് ഡൗണ്‍ കാലത്ത് പലരും പറമ്പിലും മറ്റും വളരുന്ന പലതരം ഇലകളും മറ്റും കൊണ്ട് കറിവയ്ക്കുന്നത് ഒരു ട്രന്‍ഡാണ്. എന്നാല്‍ ഇത്തരത്തില്‍ എല്ലാച്ചെടികളും ഭക്ഷ്യയോഗ്യമല്ലെന്നും രൂപസാദൃശ്യമുള്ള ചെടികള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വന്‍ അപകടത്തിന് കാരണമാകുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 2017 ലും സമാനമായ ഒരു കേസ് ഉണ്ടായിരുന്നു,അന്ന് സംശയം തോന്നിയ കുടുംബാംഗങ്ങള്‍ തന്നെ ചെടി പറിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags:    

Similar News