മോന്‍സന്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസ്: കെ സുധാകരനെതിരേ എംവി ഗോവിന്ദന്റെ ഗുരുതര ആരോപണം; നിയമനടപടിയുമായി കോണ്‍ഗ്രസ്

മൊഴി കൊടുത്ത പെണ്‍കുട്ടിയും തന്റെ പേര് പറഞ്ഞിട്ടില്ല.

Update: 2023-06-18 14:57 GMT

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ ഡി.ജി.പിക്ക് പരാതി. പോക്‌സോ കേസില്‍ സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം എന്നാണ് പരാതിയില്‍ പറയുന്നത്. പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതി നല്‍കിയത്.പോക്സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍, പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു എന്ന് എം.വി. ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രസ്താവന കലാപം ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് പരാതിയില്‍ പറയുന്നത്. 'സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വമാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. എം.വി. ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണം. തിരുവനന്തപുരത്തെ എല്ലാ മാധ്യമങ്ങളുടേയും ബ്യൂറോ ചീഫുമാരെ സാക്ഷികളാക്കണം'- പരാതിയില്‍ പറയുന്നു.

അതിനിടെ എം.വി.ഗോവിന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പോക്സോ കേസില്‍ അതിജീവിത രഹസ്യ മൊഴിയാണ് കൊടുത്തത്. ആ രഹസ്യമൊഴി ഗോവിന്ദന്‍ മാഷ് എങ്ങനെയറിഞ്ഞുവെന്ന് സുധാകരന്‍ ചോദിച്ചു. എന്നെ പ്രതിയാക്കുന്നതിന് പിന്നില്‍ സിപിഎം ആണ്. ഒരു തെളിവ് എനിക്കെതിരെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ എന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന വാക്ക് വീണ്ടും ആവര്‍ത്തിക്കുന്നു. മനസാ വാചാ കര്‍മണാ ഈ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

സുധാകരന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ തന്നെ പറഞ്ഞു. മൊഴി കൊടുത്ത പെണ്‍കുട്ടിയും തന്റെ പേര് പറഞ്ഞിട്ടില്ല. എന്ത് നാണംകെട്ട നെറികെട്ട പ്രവര്‍ത്തി ചെയ്യാനും സിപിഎം തയ്യാറാകുമെന്ന് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയോടെ വ്യക്തമാണ്. അര്‍ഥശൂന്യമായ ജല്‍പ്പനങ്ങള്‍ നടത്തുന്ന ഗോവിന്ദന്‍ മാഷിനെപ്പോലെയുള്ള ഒരാള്‍ പറഞ്ഞതിനെ പുച്ഛിച്ച് തള്ളുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.







Tags:    

Similar News