കാലവര്‍ഷ ദുരന്തനിവാരണം; കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാംപുകളൊരുക്കും

60 വയസിനു മുകളില്‍ പ്രായമുള്ളവരെയും ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെയും താമസിപ്പിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ദുരന്തപ്രതികരണ മാര്‍ഗരേഖപ്രകാരം പ്രത്യേക സംവിധാനമൊരുക്കും.

Update: 2020-06-10 10:27 GMT

കോട്ടയം: കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ ഈ മാസം 15നുള്ളില്‍ പൂര്‍ത്തീകരിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവരെയും ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെയും താമസിപ്പിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ദുരന്തപ്രതികരണ മാര്‍ഗരേഖപ്രകാരം പ്രത്യേക സംവിധാനമൊരുക്കും. പ്രകൃതിദുരന്തങ്ങളുണ്ടായാല്‍ നേരിടുന്നതിന് ജില്ലയില്‍ നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി.

തദ്ദേശസ്ഥാപനങ്ങളുടെ ദുരന്തനിവാരണ രൂപരേഖയ്ക്കായി ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള സ്ഥലങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് മൈനിങ് ആന്റ് ജിയോളജി, മണ്ണ് സംരക്ഷണവകുപ്പ്, അതത് തദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വകുപ്പുകള്‍ നടപടി സ്വീകരിക്കും.

ദുരന്തസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോലിസ്- അഗ്‌നിരക്ഷാ സേനാ വിഭാഗങ്ങളുടെ പക്കലുള്ള ഉപകരണങ്ങള്‍ക്കു പുറമേ വ്യക്തികളുടെയും സംഘടനകളുടെയും ഉടമസ്ഥതയിലുള്ളവ കൂടി സജ്ജമാക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മൂന്നുമാസത്തേക്ക് ജില്ലയില്‍ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. മഴക്കാല സാംക്രമികരോഗങ്ങളുടെ പ്രതിരോധത്തിനും ചികില്‍സയ്ക്കും തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. ദുരിത മേഖലകളിലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് സുരക്ഷിത വാസസ്ഥാനവും തീറ്റയും ചികില്‍സയും ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി.

അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്ലില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പോലിസ്, അഗ്‌നിരക്ഷാ സേന, റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമേ അവശ്യസന്ദര്‍ഭങ്ങളില്‍ മൈനിങ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും കണ്‍ട്രോള്‍ റൂമില്‍ നിയോഗിക്കും. താലൂക്ക്, തദേശസ്ഥാപനതലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിശദമാക്കി. എഡിഎം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News