കൂടുതല്‍ കൊവിഡ് കേസുകള്‍; കോട്ടയത്ത് തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ.
കോട്ടയം: ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിരോധവുമായി ബന്ധപ്പെട്ട് ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാഹനഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ഈമാസം 27 മുതല്‍ കോട്ടയം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ഞായറാഴ്ച ഈ നിയന്ത്രണം ബാധകമല്ല.
വനിതകള്‍, അംഗപരിമിതര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നവര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, അടിയന്തര സാഹചര്യങ്ങളില്‍ യാത്രചെയ്യേണ്ടിവരുന്നവര്‍, അടിയന്തരജോലിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍, അവശ്യസേവനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.