മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ; 227 പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി

അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Update: 2020-05-09 05:19 GMT

വയനാട്: മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ. ഇതില്‍ രോഗ ലക്ഷണങ്ങളുള്ളതും ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വന്നവരുമായ 227 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കി. അതിര്‍ത്തിവഴി വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാതെ മുങ്ങിയതാണ് നടപടി കര്‍ശനമാക്കാന്‍ കാരണം. തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് വഴി വാളയാര്‍ വഴി വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചില്ലെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രാ അനുമതി ലഭിക്കാത്തവരടക്കം പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തിയത് നടപടികള്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെനിന്നുള്ള യാത്രാ അനുമതിയും, ഏത് ജില്ലയിലേക്കാണോ വരുന്നത് ആ ജില്ലാ കളക്ടറുടെ അനുമതിയും വാങ്ങണമെന്നാണ് നിലവിലെ നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലടക്കം മുത്തങ്ങ അതിര്‍ത്തിയിലൂടെ നാട്ടിലേക്ക് വരാനായി എത്തിയ പലരുടെ കൈയിലും അനുമതികളൊന്നും ഉണ്ടായിരുന്നില്ല. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇതില്‍ പലരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇനിയും ഇത് അനുവദിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

Tags:    

Similar News