സര്‍ക്കാര്‍ പറഞ്ഞു പറ്റിക്കുകയാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും അമ്മ പറഞ്ഞു.

Update: 2020-10-27 09:15 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ പറഞ്ഞു പറ്റിക്കുകയാണെന്ന നിലപാടിലുറച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാര്‍ ആദ്യം പറഞ്ഞവാക്ക് പാലിക്കട്ടെ എന്നിട്ട് അവരെ വിശ്വസിക്കാം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നും എല്‍ഡിഎഫ് നോമിനിയായ തന്നെ മാറ്റി യുഡിഎഫ് കാലത്തെ ലതാ ജയരാജനെ വെച്ചത് എന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ജലജ മാധവന്‍ ആവശ്യപ്പെട്ടു.

അസാധാരണ ഉത്തരവിലൂടെ ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി നിര്‍ത്തിയത്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. കേസന്വേഷിച്ച ഡിവൈഎസ്പി സോജന്‍ ഒരുഘട്ടത്തിലും തന്നോട് സഹകരിച്ചില്ലെന്നും അവര്‍ പറഞ്ഞു. പൂര്‍ണമായും അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് കേസില്‍ പ്രതികള്‍ രക്ഷപെടാന്‍ കാരണമെന്നും ഇപ്പോഴുള്ള തെളിവ് വെച്ച് വീണ്ടും അന്വേഷണം നടന്നാലും പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും ജലജ മാധവന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News