ട്രാഫിക് നിയമലംഘനം: അധികപിഴ ഈടാക്കുന്നത് വൈകും; ഉന്നതതല യോഗം തിങ്കളാഴ്ച്ച
ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇത് ലഭിക്കുന്നതുവരെ ഇപ്പോഴത്തെ രീതി തുടരാനാണ് ആലോചന.
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തുന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം വൈകും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇത് ലഭിക്കുന്നതുവരെ ഇപ്പോഴത്തെ രീതി തുടരാനാണ് ആലോചന.
വാഹന പരിശോധനയില്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കും. ഓണക്കാലത്ത് വാഹന പരിശോധന നടത്തില്ലെന്ന് അറിയിച്ചിരുന്നു. എ്ന്നാല്‍, അത് അധിക കാലം തുടരനാവില്ല. ഭേദഗതിക്കനുസരിച്ച് വിജ്ഞാപനം ഇറക്കിയതിനാല്‍ പഴയ തുക ഈടാക്കാനാകില്ല. നിലവിലെ അവസ്ഥ വിലയിരുത്തുന്നതിന് തിങ്കളാഴ്ച ഉന്നതതലയോഗം ചേരും. ഗുജറാത്തുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏതുവിധത്തിലാണ് ഭേദഗതി വരുത്തുന്നതെന്ന് പരിശോധിച്ച് നിയമവിധേയമായ മാര്‍ഗം നിര്‍ദേശിക്കാനാണ് ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളും പിഴ ഉയര്‍ത്തുന്നതിനെതിരേ രംഗത്തുവന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചത്. ഈ റിപോര്‍ട്ടാണ് തിങ്കളാഴ്ച മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധിക്കുക.
നിലവിലെ ഭേദഗതിപ്രകാരം കുറഞ്ഞ പിഴയും കൂടിയ പിഴയും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഏതു വേണമെങ്കിലും സംസ്ഥാനത്തിന് സ്വീകരിക്കാം. നിഷ്‌കര്‍ഷിക്കുന്നതിനെക്കാള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് സംസ്ഥാനത്തിന് ആദ്യം ലഭിച്ചത്. എന്നാല്‍, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കുറഞ്ഞ നിരക്കിനെക്കാള്‍ പിഴ താഴ്ത്തുമെന്നാണ് വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം നിയമോപദേശം തേടിയത്. ഭേദഗതി സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് മുഖ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി സംസാരിക്കുമെന്നും ഇതിനുശേഷം അറിയിപ്പുവന്നിരുന്നു.