സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ: മുല്ലപ്പള്ളി

എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലെ സ്വപ്‌നയുടെ മൊഴിയിലൂടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്‌ തെളിയിക്കുന്നതാണ്‌.

Update: 2020-10-07 12:15 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്‌പേസ്‌ പാര്‍ക്കിലെ നിയമനം തനിക്കറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലെ സ്വപ്‌നയുടെ മൊഴിയിലൂടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്‌ തെളിയിക്കുന്നതാണ്‌. കുറ്റവാളികള്‍ക്ക്‌ ഒളിക്കാനുള്ള ലാവണമല്ല തന്റെ ഓഫീസെന്നാണ്‌ അന്ന്‌ മുഖ്യമന്ത്രി ഈ വിവാദത്തോട്‌ പ്രതികരിച്ചത്‌.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക്‌ കടകവിരുദ്ധമായ മൊഴിയാണ്‌ സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ നല്‍കിയിരിക്കുന്നത്‌. ഇതിലെ സത്യാവസ്ഥ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ആറ്‌ തവണ മുഖ്യമന്ത്രിയെ കണ്ടത്‌ ശിവശങ്കറിനൊപ്പമാണെന്നും അദ്ദേഹത്തെ മുന്‍ പരിചയമുണ്ടെന്നും മൊഴിയില്‍ സ്വപ്‌ന വ്യക്തമാക്കുന്നുണ്ട്‌.

ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്‌.സ്വപ്‌നയുടെ മൊഴി പുറത്ത്‌ വന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും ചോദ്യം ചെയ്യപ്പെടുകയാണ്‌. സ്വപ്‌ന സുരേഷിന്റെ വഴിവിട്ട നിയമനവുമായി ബന്ധപ്പെട്ട്‌ കേരള പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അന്വേഷണവും എങ്ങും എത്തിയിട്ടില്ല. ഇത്‌ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

സ്വര്‍ണ്ണക്കടത്ത്‌, ലൈഫ്‌ മിഷന്‍ കേസുകള്‍ ശരിയാം വിധം അന്വേഷിച്ചാല്‍ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നതില്‍ സംശയമില്ല. എന്നാല്‍ അന്വേഷണം തടസ്സപ്പെടുത്താനുള്ള ഇടപെടലുകള്‍ ഉന്നത തലത്തില്‍ നടക്കുന്നു.ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള തിരഞ്ഞെടുപ്പ്‌ ധാരണയുടെ അടിസ്ഥാനത്തില്‍ അതിനുള്ള കളമൊരുക്കം അണിയറയില്‍ നടക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഇത്രനാളും അന്വേഷിച്ചിട്ടും പ്രതികള്‍ക്കെതിരായി ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ കഴിയാതെ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി സെക്രട്ടറിക്ക്‌ ബാധകമല്ല

സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയ്‌ക്ക്‌ വിരുദ്ധമായ കാര്യങ്ങളാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുടുംബവുമായി ബന്ധപ്പെട്ട്‌ പുറത്ത്‌ വരുന്നത്‌. നേതാക്കളും അവരുടെ കുടുംബവും സംശുദ്ധി പുലര്‍ത്തണമെന്ന സിപിഎമ്മിന്റെ പ്രമേയം പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടേയും മറ്റ്‌ ഉന്നത സിപിഎം നേതാക്കളുടേയും കാര്യത്തില്‍ മാത്രം പ്രാബല്യത്തില്‍ വരുന്നില്ല.മയക്കുമരുന്ന്‌ ലോബിയുമായുള്ള ബന്ധം, അനധികൃത സ്വത്ത്‌ സമ്പാദനം തുടങ്ങിയ നിരവധി കേസുകളിലാണ്‌ കേന്ദ്ര ഏജന്‍സികള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ തുടരെ ചോദ്യം ചെയ്‌തത്‌.മൊഴിയുടെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി അന്വേഷണ ഏജന്‍സികള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‌ ക്ലീന്‍ചീറ്റ്‌ നല്‍കിയിട്ടുമില്ല.ഇതിനോട്‌ പ്രതികരിക്കാന്‍ സി.പി.എം സംസ്ഥാന ഘടകവും പോളിറ്റ്‌ ബ്യൂറോയും തയ്യാറാകുന്നില്ല.പാര്‍ട്ടിയിലെ അച്ചടക്കം സംബന്ധിച്ച്‌ നേതാക്കള്‍ക്ക്‌ ഒരു നിയമവും അണികള്‍ക്ക്‌ മറ്റൊന്നുമാണ്‌ സിപിഎം നേതൃത്വം നടപ്പാക്കുന്നത്‌. അണികളെ വഞ്ചിക്കുന്ന പ്രസ്ഥാനമാണ്‌ സിപിഎമ്മെന്നും ഇപ്പോള്‍ അവര്‍ ജീര്‍ണ്ണതയുടെ പാരമ്യത്തിലെത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News