പെട്ടിമുടി ദുരന്തം: പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്ന് ; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
തങ്ങളുടെ പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്നു അപകടത്തില്‍ ഇരയാക്കപ്പെട്ടവര്‍ കോടതിയില്‍ ബോധിപ്പിച്ചു.പാരിസ്ഥിതിക പഠനം നടത്താതെയാണ് മലനിലകളായ പ്രദേശത്ത് സ്ഥലവും വീടും നല്‍കിയതെന്നു ഹരജിയില്‍ ആരോപിക്കുന്നു.ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ താമസമൊരുക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
കൊച്ചി: മൂന്നാര്‍ പെട്ടിമുടി ദുരന്തത്തിനിരയായവരുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തങ്ങളുടെ പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്നു ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ താമസമൊരുക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ ഭൂമിയാണ് ഇരകള്‍ക്ക് നല്‍കുന്നതിനു തീരുമാനിച്ചത്.
പെട്ടിമുടിയില്‍ നിന്നു 32 കിലോമീറ്റര്‍ അകലെയുള്ള കുട്ടിയാര്‍ വാലിയിലാണ് നിലവില്‍ സ്ഥലം കൊടുത്തത്. പാരിസ്ഥിതിക പഠനം നടത്താതെയാണ് മലനിലകളായ പ്രദേശത്ത് സ്ഥലവും വീടും നല്‍കിയതെന്നു ഹരജിയില്‍ ആരോപിക്കുന്നു. 2020 ആഗസ്ത് ആറിനു നടന്ന മണ്ണിടിച്ചിലിലാണ് 70 പേര്‍ മരിക്കുകയും 24 തൊഴിലാളി കുടുംബങ്ങളുടെ വീടും നഷ്ടപ്പെട്ടത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് ഹരജി പരിഗണിച്ചത്. ഹരജി പത്തു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പരിഗണിക്കും.