മുട്ടില്‍ മരം കൊള്ള: മുഖ്യപ്രതികളെ തെളിവെടുപ്പിനെത്തിച്ചു; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Update: 2021-08-06 03:42 GMT

കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ള കേസിലെ മുഖ്യപ്രതികളെ തെളിവെടുപ്പിനെത്തിച്ചു. വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലും വാഴവറ്റയിലെ പ്രതികളുടെ വീട്ടിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. മരം കൊള്ള കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പിനെത്തിച്ചത്. ആദ്യം വിവാദ ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടി മരങ്ങള്‍ മുറിച്ച സ്വര്‍ഗംകുന്ന്, കുപ്പാടി എന്നിവിടങ്ങളിലെത്തിച്ച പ്രതികളെ ശേഷം വാഴവറ്റയിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

അതേസമയം, നിലവില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലുദിവസത്തേയ്ക്കാണ് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. ക്രൈംബ്രാഞ്ച് സംഘം അഞ്ചുദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും നാലുദിവസം അനുവദിക്കുകയായിരുന്നു. രണ്ടുദിവസമായി പ്രത്യേക അന്വേഷണസംഘം പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. അനധികൃതതമായി മരം മുറിച്ചിട്ടില്ലെന്നും രേഖകളില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നുമാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്വന്തം ഭൂമിയിലെയും സമീപത്തെയും ഈട്ടി മരങ്ങളാണ് മുറിച്ചതെന്നും ഇതിന് രേഖകളുണ്ടെന്നും പ്രതികള്‍ പറയുന്നു.

മോഷണം, വ്യാജരേഖ ചമക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകളിലായി 42 ഓളം കേസുകളാണ് പ്രതികള്‍ക്കെതിരേ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം ആറുപേരാണ് മുട്ടില്‍ മരം കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് നടപടികള്‍ക്ക് ശേഷം വനം വകുപ്പും ഉടന്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. ഏതാനും ദിവസം മുമ്പാണ് മുട്ടില്‍ മരം കൊള്ള കേസിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

Tags:    

Similar News