ശ്രീനാരായണപുരം പൊരി ബസാറിലെ ദുരൂഹമരണം കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍
മൃതദേഹപരിശോധനയ്ക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്.
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പൊരിബസാറിലെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരണപ്പെട്ടത് കൊലപാതകമെന്നു തെളിഞ്ഞു. ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പോലിസ് അറസ്റ്റുചെയ്തു. മേത്തല കൊട്ടിക്കല്‍ നടുമുറി വീട്ടില്‍ കൃഷ്ണന്‍ മകന്‍ രാജേഷി(48) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ കൂടെ താമസിച്ചിരുന്ന മേത്തല കാരയില്‍ അരുണി(35)നെ മതിലകം സിഐ എ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വാടകവീട്ടില്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒപ്പംതാമസിച്ചിരുന്ന അരുണ്‍ തന്നെയാണ് മരണവിവരം പോലിസിനെ അറിയിച്ചത്. വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെന്നായിരുന്നു മൊഴി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തെത്തുടര്‍ന്ന് പോലിസ് സ്ഥലത്ത് കാവലേര്‍പ്പെടുത്തുകയും ചെയ്തു. രാജേഷിനെയും സുഹൃത്തുക്കളെയും ചോദ്യംചെയ്‌തെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്താനായില്ല. മൃതദേഹപരിശോധനയ്ക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്.
രാജേഷും അരുണും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ മര്‍ദ്ദനത്തില്‍ രാജേഷിന്റെ വാരിയെല്ല് ഒടിഞ്ഞ് കരളിനു മാരകമായി മുറിവേറ്റെന്നും തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും പോലിസ് വ്യക്തമാക്കി. ഭക്ഷണം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നും മര്‍ദ്ദിച്ചെന്നും പ്രതി അരുണ്‍ പോലിസിനോട് സമ്മതിച്ചു. കെട്ടിടനിര്‍മാണ ത്തൊഴിലാളികളാണ് ഇരുവരും. വീട്ടുകാരുമായി ഇരുവര്‍ക്കും അടുപ്പമുണ്ടായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.