യുവതിയുടെ മരണത്തില്‍ ദുരൂഹത: ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കഴിഞ്ഞ ജൂണ്‍ 5 നാണ് ബാലരാമപുരം ഐത്തിയൂര്‍ കരയ്ക്കാട്ടു വിള ഷംന മന്‍സിലില്‍ ഷാജഹാന്റെ മകള്‍ ഷഹാന (24)യെ ഉച്ചക്കട പുലിയൂര്‍ക്കോണം നെല്ലിപ്പറമ്പ് തേരിവിള പുത്തന്‍വീട്ടില്‍ ഭര്‍ത്താവ് ഷെഫീക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാലരാമപുരം (തിരുവനന്തപുരം): യുവതിയുടെ അസ്വാഭാവിക മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ 5 നാണ് ബാലരാമപുരം ഐത്തിയൂര്‍ കരയ്ക്കാട്ടു വിള ഷംന മന്‍സിലില്‍ ഷാജഹാന്റെ മകള്‍ ഷഹാന (24)യെ ഉച്ചക്കട പുലിയൂര്‍ക്കോണം നെല്ലിപ്പറമ്പ് തേരിവിള പുത്തന്‍വീട്ടില്‍ ഭര്‍ത്താവ് ഷെഫീക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹാന മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പിതാവ് ഷാജഹാനുമായി ഫോണില്‍ സംസാരിച്ചിരുന്നു.
തുടര്‍ന്ന് ഷഹാനയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തൂങ്ങിമരിച്ചതാണെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പ്രചരിപ്പിക്കുകയാണുണ്ടായതെന്നും ഷാജഹാന്‍ പരാതിയില്‍ പറയുന്നു. 2015 ജൂലായ് 30 നായിരുന്നു ഷഹാനയുടെയും ഷഫീക്കിന്റെയും വിവാഹം. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരമായ മര്‍ദനത്തിന് ഷഹാന ഇരയായി. സ്വര്‍ണവും പണവും കൈക്കലാക്കിയ ഷെഫീക്ക് ഉച്ചക്കടയില്‍ മൊബെല്‍ ഷോപ്പ് തുടങ്ങുകയും കാര്‍ വാങ്ങുകയും ചെയ്തു. അപരിചിതരായ സ്ത്രീകളുമായി ഷെഫീക്കിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഷഹാന ഈ വിവരം നേരത്തെ മാതാപിതാക്കളെ അറിയിച്ചിരുന്നു.
തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് കുറെ ദിവസം സ്വന്തം വീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ഒന്നരവയസ് പ്രായമായ ഒരു ആണ്‍കുഞ്ഞുമുണ്ട്. ഷഹാനയും ഷെഫീക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിസരവാസികള്‍ക്കും അറിവുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടിലും ഷഹാനയുടെ ശരീരത്തില്‍ മുറിവുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഷഹാനയുടെ മരണവാര്‍ത്തയറിഞ്ഞ ഷെഫീക്ക് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാതെ മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.