കൊവിഡ് ഭീതിയ്ക്കിടെ ദേശീയപാത സ്ഥലമെടുപ്പിനായി തെളിവെടുപ്പ്; പ്രതിഷേധവുമായി ഭൂ ഉടമകള്‍
പറവൂരിലുള്ള സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് നിത്യേന നിരവധി ഭൂവുടമകളെ വിളിച്ചുവരുത്തി തെളിവെടുപ്പ് തുടങ്ങിയത് കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്ന് ദേശീയപാത സംയുക്ത സമരസമിതി ആരോപിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗപ്പകര്‍ച്ച വര്‍ധിക്കുന്ന ഭീതിതമായ സാഹചര്യത്തില്‍ ദേശീയപാത സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായ പൊതു തെളിവെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. പറവൂരിലുള്ള സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് നിത്യേന നിരവധി ഭൂവുടമകളെ വിളിച്ചുവരുത്തി തെളിവെടുപ്പ് തുടങ്ങിയത് കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്ന് ദേശീയപാത സംയുക്ത സമരസമിതി ആരോപിച്ചു.പ്രായമേറിയവര്‍, രോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും മറ്റുള്ളവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും ഇത് ലംഘിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് പോലിസും ആരോഗ്യവകുപ്പും അറിയിക്കുന്നത്.
ഭൂവുടമകളില്‍ ഭൂരിപക്ഷവും പ്രായമേറിയവരും വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമാണ്.തെളിവെടുപ്പിന് ഹാജരായില്ലെങ്കില്‍ ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ ഭീഷണിയുള്ളതിനാല്‍ രോഗഭീതി അവഗണിച്ചും വിവിധ വാഹനങ്ങളില്‍ സഞ്ചരിച്ച് പറവൂരിലെ ഓഫീസില്‍ നേരിട്ടെത്താന്‍ എല്ലാവരും നിര്‍ബന്ധിതരാവുകയാണെന്നും ഇവര്‍ വ്യക്തമാക്കി. ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ജനങ്ങളാകെ തൊഴിലും ഉപജീവന മാര്‍ഗ്ഗങ്ങളും വരുമാനവും നഷ്ടപ്പെട്ട് ജീവിത പ്രതിസന്ധി നേരിടുന്നതിനിടയ്ക്ക് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത് കടുത്ത ജനദ്രോഹമാണ്. ഒരു വട്ടം കുടിയിറക്കലും രണ്ട് പ്രളയങ്ങളും നേരിട്ട ഭൂവുടമകളെ കൊവിഡ് ദുരന്തത്തിനിടെ വീണ്ടും ദ്രോഹിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് ദേശീയപാത സംയുക്ത സമരസമിതി ആരോപിച്ചു.
കൊവിഡ് ആശങ്കകള്‍ ഒഴിയുന്നതുവരെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കരുതെന്നും തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ രോഗഭീതി പൂര്‍ണ്ണമായും മാറിയ ശേഷം മാത്രമേ തുടങ്ങാന്‍ പാടുള്ളൂ എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ബന്ധപ്പെട്ട മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, കളക്ടര്‍, കോമ്പിറ്റന്റ് അതോറിറ്റി, ദേശീയപാത അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇത് അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എന്‍എച്ച് 17 സംയുക്ത സമരസമിതി ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിളളി കണ്‍വീനര്‍ കെ വി സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ വ്യക്തമാക്കി.