വാഹനപരിശോധന: പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി; എസ്ഐ നേതൃത്വം നൽകണം
ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. പരിശോധന കാമറയില്‍ പകര്‍ത്തണം. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന. റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ലെന്നും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇന്നു മുതൽ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ വാഹനപരിശോധനയില്‍ പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എസ്‌ഐയുടെ നേതൃത്വത്തില്‍ വേണം വാഹന പരിശോധന. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ട. അനിഷ്ട സംഭവങ്ങള്‍ നടന്നാൽ എസ്പിമാരാവും ഉത്തരവാദിയെന്നും ഡിജിപി വ്യക്തമാക്കി.
ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. പരിശോധന കാമറയില്‍ പകര്‍ത്തണം. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന. റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ലെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാര്‍ ഇന്നു മുതൽ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. വാഹന ഉടമയില്‍ നിന്നാണു പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ ഈടാക്കും. തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ആദ്യഘട്ടത്തില്‍ വ്യാപകമായ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്.