കൊച്ചി/കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി. സോളാര്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിനാലാണ് രണ്ട് പത്രികകളും തള്ളിയത്. സരിതക്കെതിരേ വിധിച്ച ശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും വരണാധികാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സരിത പത്രിക നല്‍കിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മ പരിശോധനയില്‍ 22 പത്രികകള്‍ സാധുവാണെന്നു കണ്ടെത്തി. കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദ പരിശോധനയ്ക്കുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സരിത എസ് നായരുടെ പത്രികയിന്മേല്‍ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് (ശനി) മാറ്റിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മ പരിശോധന.