പൗരത്വനിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം തുടരും: അസ്മ ഖാത്തൂൻ
പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ രാജ്ഭവൻ ഉപരോധം ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ്മുതൽ ആരംഭിച്ച രാജ്ഭവന്‍ ഉപരോധം തുടര്‍ച്ചയായ 30 മണിക്കൂറുകള്‍ തുടരും.
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഒക്കുപൈ രാജ്ഭവൻ എന്ന തലക്കെട്ടിൽ രാജ്ഭവൻ ഉപരോധം ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ്മുതൽ ആരംഭിച്ച രാജ്ഭവന്‍ ഉപരോധം തുടര്‍ച്ചയായ 30 മണിക്കൂറുകള്‍ തുടരും. ഡല്‍ഹി ഷാഹിന്‍ ബാഗിലെ സമര നായിക ബിവി അസ്മ ഖാത്തൂൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‌ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങൾ ജാമിഅ മില്ലിയയില്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് ഷാഹീന്‍ ബാഗില്‍ ഞങ്ങള്‍ ഉമ്മമാര്‍ സമരമാരംഭിച്ചത്. അതുകൊണ്ടു തന്നെ ഈ പൗരത്വ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് അവർ പറഞ്ഞു. വിദ്യാർഥി സമര നേതാവ് ആയിഷാ റെന്നക്ക് ഭരണഘടനയുടെ ആമുഖം കൈമാറിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉല്‍ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംഘ്പരിവാറും പോലിസും ചേര്‍ന്ന് ഡല്‍ഹിയില്‍ വംശഹത്യയാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങളെ കലാപഭൂമികളാക്കി പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കാനാണ് ഡല്‍ഹിയില്‍ സംഘ്പരിവാറും പോലിസും ശ്രമിക്കുന്നത്. പൗരത്വ നിഷേധത്തിനെതിരായി നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ വളരെ സമാധാന പരമായാണ് തുടരുന്നത്. എന്നാല്‍ അതിനെതിരെ തോക്കും മറ്റു ആയുധങ്ങളുമുപയോഗിച്ച് സംഘ്പരിവാര്‍ കൊലയാളികളും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി പോലിസും ആക്രമണമഴിച്ചുവിടുകയാണ്. മുസ്‌ലിം പ്രദേശങ്ങളെയും അവരുടെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രത്യേകം ലക്ഷ്യമിട്ടുള്ള വംശഹത്യയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി പ്രതിരോധങ്ങളുടെ തുടക്കക്കാരിലൊരാളും സമര നായികയുമായ ആയിഷാ റെന്ന മുഖ്യപ്രഭാഷണം നടത്തി. അടൂർ പ്രകാശ് എംപി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, റസാഖ് പാലേരി, ഡോ. അന്‍സാര്‍ അബൂബക്കര്‍, കെ ഹനീഫ, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.