വൃദ്ധനെ അടിച്ചു വീഴ്ത്തി പണം കവര്‍ന്നു; രണ്ടു യുവാക്കള്‍ പിടിയില്‍
എറണാകുളം കരിമുകള്‍ അമൃതകൂടീരം കോളനിയില്‍ അജിത്(24),സുഹൃത്ത് ഹനീഫ യൂസഫ്(24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം.കൊച്ചിന്‍ റിഫൈനറിയിലെ പാചകവാതക സിലിണ്ടര്‍ കയറ്റുന്ന ലോറികളില്‍ ക്ലീനറായി ജോലി ചെയ്യുന്ന വേളൂര്‍ സ്വദേശിയായ വൃദ്ധനെയാണ് ഇവര്‍ ആക്രമിച്ച് പണം കവര്‍ന്നത്
കൊച്ചി:വൃദ്ധനെ അടിച്ചു വീഴ്ത്തി പണമടങ്ങിയ പേഴ്‌സ് കവര്‍ന്ന സംഭവത്തില്‍ രണ്ടു യുവാക്കള്‍ പിടിയില്‍.എറണാകുളം കരിമുകള്‍ അമൃതകൂടീരം കോളനിയില്‍ അജിത്(24),സുഹൃത്ത് ഹനീഫ യൂസഫ്(24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം.കൊച്ചിന്‍ റിഫൈനറിയിലെ പാചകവാതക സിലിണ്ടര്‍ കയറ്റുന്ന ലോറികളില്‍ ക്ലീനറായി ജോലി ചെയ്യുന്ന വേളൂര്‍ സ്വദേശിയായ വൃദ്ധനെയാണ് ഇവര്‍ ആക്രമിച്ച് പണം കവര്‍ന്നത്.ജോലിക്ക് ശേഷം രാത്രിയോടെ വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ പിന്നാലെയത്തിയ ഇവര്‍ വൃദ്ധനെ അടിച്ചു വീഴ്ത്തിയ ശേഷം പണമടങ്ങിയ പേഴ്‌സ് പോക്കറ്റുള്‍പ്പെടെ കീറിയെടുത്ത ശേഷം കടന്നു കളയുകയായിരുന്നു.തുടര്‍ന്ന് തൃക്കാക്കര എസിപി സ്റ്റുവര്‍ട് കീലറിന്റെ നിര്‍ദേശാനുസരണം അമ്പലമേട് എസ് ഐ ഷെബാബിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തിരച്ചില്‍ നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.പ്രതികള്‍ രണ്ടു പേരും മുമ്പ് നിരവധി മോഷണം,ലഹരിമരുന്നു കേസുകളില്‍ പ്രതികളായിട്ടുള്ളവരാണെന്ന് പോലിസ് പറഞ്ഞു.ഇതിലെ ഒന്നാം പ്രതി അജിത്് ലഹരിമരുന്നു കേസില്‍ പ്രതിയായി മാസങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഏതാനും ആഴ്ചകള്‍ മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.അജിതിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു