എറണാകുളത്ത് ഒമിക്രോണ്‍: അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമെന്ന് അധികൃതര്‍
അമ്പലമുഗളിലെ കൊവിഡ് ആശുപത്രിയില്‍ 100 ബെഡുകള്‍ സജ്ജമാക്കും. ഇവ ക്യുബിക്കുകളാക്കി ക്രമീകരിക്കും. സ്വകാര്യ മേഖലയില്‍ 150 ബെഡുകളും സജ്ജമാക്കും. ആകെ 250 ബെഡുകളാണ് ക്രമീകരിക്കുക
കൊച്ചി: എറണാകുളം ജില്ലയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഏതു സാഹചര്യത്തെയും നേരിടാന്‍ ജില്ല സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. 12 റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നവംബര്‍ 28 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാല് ടീമുകളെയാണ് വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുള്ളത്. 24 ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 12 പേരെ കൂടി അധികമായി നിയോഗിക്കും.
വിമാനത്താവളത്തിലെ എട്ട് പേരെയും നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും ആര്‍ ടി പി സി ആര്‍ പരിശോധനയുമാണ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിന്റെ ഫലം 40 മിനിറ്റിനു ശേഷവും ആര്‍ ടി പി സി ആര്‍ മൂന്നു മണിക്കൂറിനു ശേഷവും ഫലം അറിയാം. ഫലം അറിഞ്ഞ ശേഷമായിരിക്കും യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. ഹോം ഐസൊലേഷനിലുള്ളവര്‍ എട്ടാം ദിവസം പരിശോധന നടത്തണം. റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 4407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതില്‍ 10 പേരാണ് കൊവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
കപ്പല്‍മാര്‍ഗം കൊച്ചി തുറമുഖത്തെത്തുന്നവര്‍ക്കും പരിശോധന നടത്തും. വാക്‌സിനേഷനില്‍ പിന്നിലുള്ള പഞ്ചായത്തുകള്‍ക്കായി തീവ്ര വാക്‌സിനേഷന്‍ യജ്ഞം 18, 19, 20 തീയതികളില്‍ നടത്തും. ഇതിനായി 15 ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. ജില്ലയില്‍ 82.67% ആണ് വാക്‌സിനേഷന്‍. 60 വയസിനു മുകളിലുള്ള 99.88 % പേരും വാക്‌സിനെടുത്തു.കുസാറ്റ് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, അഡീഷണല്‍ ഡി എം ഒ ഡോ. എസ് ശ്രീദേവി, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം ജി ശിവദാസ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.ആര്‍ വൃന്ദാ ദേവി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ ജെ ജോയ് പങ്കെടുത്തു.