ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ വാക്‌സിനേഷന്‍ മുഖ്യമെന്ന് ആരോഗ്യവകുപ്പ്

അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദമാണ് ഒമിക്രോണ്‍.ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനെടുത്ത് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Update: 2021-12-03 08:47 GMT

കൊച്ചി: ഒമിക്രോണ്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദമാണ് ഒമിക്രോണ്‍.ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനെടുത്ത് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 28,76,690 പേരാണ് . ആദ്യ ഡോസ് സ്വീകരിച്ചവരില്‍ 79.05% പേര്‍ സെക്കന്റ് ഡോസ് സ്വീകരിച്ചു കഴിഞ്ഞു. വാക്‌സിനെടുക്കുന്നത് പ്രതിരോധം നല്‍കുന്നതിനും ,രോഗം പിടിപെട്ടാല്‍ തന്നെ രോഗം ഗുരുതരായി മരണം സംഭവിക്കുന്നതിനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.വാക്‌സിനെടുക്കുന്നതിനുള്ള വിമുഖത രോഗവ്യാപന സാധ്യതയും, ഗുരുതരാവസ്ഥയും മരണങ്ങളും കൂട്ടുമെന്നതിനാല്‍ വാക്‌സിനെടുക്കാതെ വിട്ടു നില്‍ക്കുന്നവര്‍ എത്രയും പെട്ടന്ന് വാക്‌സിനെടുക്കേണ്ടതാണ്.

ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കുള്ള ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുന്നതല്ല. രോഗങ്ങള്‍, അലര്‍ജി എന്നിവകൊണ്ട് വാക്‌സിനെടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.വാക്‌സിനെടുക്കുന്നതോടൊപ്പം , അടിസ്ഥാന പ്രതിരോധ മാര്‍ഗ്ഗങ്ങളായ മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുവാന്‍ സാധിക്കുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Tags:    

Similar News