ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

മാഞ്ഞാലി സ്വദേശി സുനീര്‍ (35), വടക്കേക്കര പൂയ്യപ്പിള്ളി സ്വദേശി യദുകൃഷ്ണ (24), ഞാറക്കല്‍ സ്വദേശി ജൂഡ് ജോസഫ് (28) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്

Update: 2022-07-24 11:58 GMT

കൊച്ചി: എറണാകൂളം റൂറല്‍ ജില്ലയിലെ നിരന്തര കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി സ്വദേശി സുനീര്‍ (35), വടക്കേക്കര പൂയ്യപ്പിള്ളി സ്വദേശി യദുകൃഷ്ണ (24), ഞാറക്കല്‍ സ്വദേശി ജൂഡ് ജോസഫ് (28) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് ഭാഗമായി റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആലുവ വെസ്റ്റ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഠിന ദേഹോപദ്രവം, കൊലപാതകശ്രമം, വിശ്വാസ വഞ്ചന തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സുനീറെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ മാഞ്ഞാലി മാട്ടുപുറത്ത് ഗുണ്ടാ ആക്രമണ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. നോര്‍ത്ത് പറവൂര്‍, ആലുവ ഈസ്റ്റ്, മുനമ്പം, കൊച്ചി സിറ്റി എറണാകുളം സെന്‍ട്രല്‍, ചേരാനല്ലൂര്‍ പോലിസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണ, കവര്‍ച്ച കേസുകളിലെ പ്രതിയാണ് യദുകൃഷ്ണയെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ചേരാനല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണ കേസില്‍ പ്രതിയയായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്. ഞാറയ്ക്കല്‍, മുനമ്പം പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ്, കാപ്പ ഉത്തരവിന്റെ ലംഘനം, മോഷണം മുതലായ കേസുകളിലെ പ്രതിയാണ് ജൂഡ് ജോസഫ് എന്ന് പോലിസ് പറഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയില്‍ ചെറായിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പില്‍ പുലര്‍ച്ചെ കയറി ലാപ്‌ടോപ്പും മറ്റ് വസ്തുക്കളും മോഷണം ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെയുള്ള കാപ്പ നടപടി.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 57 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു, 35 പേരെ നാട് കടത്തി. എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമായി തുടരുമെന്ന് ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ അറിയിച്ചു.

Tags:    

Similar News