ഓപ്പറേഷന്‍ സാഗര്‍റാണി: 17,018 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി

സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Update: 2020-04-07 14:45 GMT

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 17,018 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15641 കിലോഗ്രാം ചീഞ്ഞ മത്സ്യവുംം പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 35,524 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 7, ആലപ്പുഴ 08, കോട്ടയം 20, ഇടുക്കി 07, എറണാകുളം 18, തൃശൂര്‍ 23, പാലക്കാട് 13, മലപ്പുറം 39, കോഴിക്കോട് 41, വയനാട് 05, കണ്ണൂര്‍ 12 കാസര്‍ഗോഡ് 02 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.

ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നും കുരീപ്പുഴ ബൈപാസില്‍ നിന്നും 10,480 കിലോഗ്രാം, ആലപ്പുഴ നിന്നും 2,705 കിലോഗ്രാം, എറണാകുളത്തു നിന്നും 1,810 കിലോഗ്രാം കോട്ടയത്തുനിന്നും 9,95 കിലോഗ്രാം എന്നീ തോതിലാണ് ചീഞ്ഞ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.

വിശാഖ പട്ടണം, തമിഴ്‌നാട് നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടത്തിക്കൊണ്ട് വന്നിട്ടുള്ളത്.

Tags:    

Similar News