പി.എസ്.സി പരീക്ഷയിലെ ക്രമക്കേട്; സിബിഐ അന്വേഷണമില്ലെങ്കിൽ കോടതിയെ സമീപിക്കും: ചെന്നിത്തല

പ്രതികൾ റാങ്ക്ലിസ്റ്റിലെത്തിയത് പരിശോധിച്ചാൽ പി.എസ്.സിയുടെ കൃത്യവിലോപവും സ്വജനപക്ഷപാതവും വ്യക്തമാകുന്നു. പി.എസ്.സി ചെയർമാനും സംശയത്തിന്റെ നിഴലിലാണ്. പരീക്ഷാ സെന്റർ മാറ്റിയത് ചട്ടലംഘനമാണ്. ചെയർമാൻ അറിയാതെ ഇത് നടക്കില്ല.

Update: 2019-08-06 05:33 GMT

തിരുവനന്തപുരം: പോലിസ് കോൺസ്റ്റബിൾ പരീക്ഷ അട്ടിമറിച്ച് സ്വന്തക്കാർക്ക് റാങ്ക് നേടിക്കൊടുക്കാൻ ആസൂത്രിതമായ ശ്രമമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി കോളജ് വധശ്രരമക്കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പി.എസ്.സി പരീക്ഷയിൽ അട്ടിമറി നടത്തിയെന്ന കണ്ടെത്തൽ പുറത്തുവന്നതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് കാട്ടിയാണ് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ക്കാർ കടന്നുകൂടിയതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് പി.എസ്.സിയുടെ പുതിയ സ്ഥിരീകരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ റാങ്ക്ലിസ്റ്റിലെത്തിയത് പരിശോധിച്ചാൽ പി.എസ്.സിയുടെ കൃത്യവിലോപവും സ്വജനപക്ഷപാതവും വ്യക്തമാകുന്നു. പി.എസ്.സി ചെയർമാനും സംശയത്തിന്റെ നിഴലിലാണ്. പരീക്ഷാ സെന്റർ മാറ്റിയത് ചട്ടലംഘനമാണ്. ചെയർമാൻ അറിയാതെ ഇത് നടക്കില്ല. അതിനാൽ പി.എസ് സി ചെയർമാന്റെ പങ്കും അന്വേഷണ വിധേയമാക്കണം.

മൂന്നുപേർ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇവർ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് എങ്ങനെയാണ് കണ്ടെത്തിയത്. മറ്റ് പരീക്ഷകളിൽ ഇതേപോലെ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാകണം. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെയും വേണ്ടപ്പെട്ടവരെയും റാങ്ക് പട്ടികയിൽ തിരുകി കയറ്റിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പരീക്ഷാ ഹാളിൽ മൊബൈൽ കയറ്റാൻ സാധിക്കില്ല. എന്നാൽ എസ്എംഎസ് വഴി എസ്എഫ്ഐ നേതാക്കൾക്ക് ഉത്തരം ലഭിച്ചുവെന്നാണ് പി.എസ്.സി പറയുന്നത്. അങ്ങനെയെങ്കിൽ ഇൻവിജിലേറ്റർ അറിയാതെ ഇത് നടക്കില്ല. ഇതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങൾ ഉയർന്നപ്പോൾ പി.എസ്.സിയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ വേട്ടയാടാനും മുഖ്യമന്ത്രി മറന്നില്ല. പി.എസ്.സിയെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. പി.എസ്.സിയുടെ വിശ്വാസ്യത മാത്രമല്ല മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുന്നു. ഈ മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലിസ് തുടർ അന്വേഷണവുമായി മുന്നോട്ടുപോയാൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും ബോധ്യമാണ്. അതിനാൽ ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയാണ്. അതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News