അച്ചടക്കത്തിന്റെ വാളുപയോഗിച്ച് വെട്ടിനിരത്തി സെമി കേഡര്‍ ഉണ്ടാക്കില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
നിരന്തരമായ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ആവശ്യമെങ്കില്‍ മുതിര്‍ന്ന നേതാക്കളുടെ വീടുകളില്‍ എത്തി പ്രശ്‌നം പരിഹരിക്കും.കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടമല്ലെന്ന് തെളിയിക്കണം. സംഘടനാപരമായ ദൗര്‍ബല്യമാണ് പാര്‍ട്ടിയുടെ തോല്‍വികള്‍ക്ക് പ്രധാന കാരണം
കൊച്ചി: പാര്‍ട്ടിയില്‍ പുതിയ കാലങ്ങളുണ്ടാകണമെന്നും എന്നാല്‍ അച്ചടക്കത്തിന്റെ വാളുപയോഗിച്ച് ആരെയെങ്കിലും വെട്ടി നിരത്തി സെമി കേഡര്‍ സംവിധാനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി മുഹമ്മദ് ഷിയാസ് ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടമല്ലെന്ന് തെളിയിക്കണം. സംഘടനാപരമായ ദൗര്‍ബല്യമാണ് പാര്‍ട്ടിയുടെ തോല്‍വികള്‍ക്ക് പ്രധാന കാരണം. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ വെള്ളം ചേര്‍ക്കില്ല. ഉടയാത്ത ഖാദര്‍ ധരിച്ച് നടക്കുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ട്. രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരം തേടിയ ശേഷമാണ് പാര്‍ട്ടി പുനഃസംഘടനാ നടപടികളുമായി മുന്നോട്ട് പോയതെന്നും വി ഡി സതീശന്‍ പറഞ്ഞു.
നിരന്തരമായ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ആവശ്യമെങ്കില്‍ മുതിര്‍ന്ന നേതാക്കളുടെ വീടുകളില്‍ എത്തി പ്രശ്‌നം പരിഹരിക്കും. കഠിനാധ്വാനികള്‍ക്ക് പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കുമെന്നും അതിനുദാഹരണമാണ് മുഹമ്മദ് ഷിയാസിന്റെ സ്ഥാനലബ്ധിയെന്നും സതീശന്‍ പറഞ്ഞു.തിരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കൂടുതല്‍ ഉത്തരവാദിത്വം എടുക്കണം. അതാണ് മുന്നണി മര്യാദ. അവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.കുഞ്ഞുങ്ങളെ കരയിപ്പിക്കുക, സ്ത്രീകളെ ഭയപ്പെടുത്തുക, ജനങ്ങളെ കൊള്ളയടിക്കുക, ഇതാണ് പോലിസ് ചെയ്യുന്നത്. കേരളത്തില്‍ പോലിസിന്റെ തേര്‍വാഴ്ചയാണ് . ഇത്രയും ധൈര്യം പോലിസിന് എവിടെ നിന്ന് കിട്ടിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പെറ്റി സര്‍ക്കാരിനെതിരെ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ആംബുലന്‍സുകളാക്കിയാല്‍ മദ്യപിച്ച് കിടക്കുന്നവരെ അതില്‍ കൊണ്ടുപോകാമെന്ന് സതീശന്‍ പരിഹസിച്ചു. ബെവ്കോ ഔട്ട് ലെറ്റുകള്‍ തുടങ്ങുന്നതിനു താന്‍ എതിരല്ല. പക്ഷെ കെ എസ് ആര്‍ ടി സി സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുടങ്ങാനുള്ള ബുദ്ധി ഉപദേശിച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു.വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുംവിധം പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെങ്കില്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നും തുറന്ന ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ചടങ്ങില്‍ പങ്കെടുത്ത ബെന്നി ബഹനാന്‍ എംപി പറഞ്ഞു.
ഗ്രൂപ്പില്ലാത്ത കാലഘട്ടത്തില്‍ ആരെയും ഒഴിവാക്കാതെ പ്രായമായവരെയും പുതുതലമുറയെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോയാല്‍ മാത്രമേ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ ബാബു എം എല്‍ എ പറഞ്ഞു. ആരെയെങ്കിലും മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടിയുടെ നാശമായിരിക്കും ഫലം. മെസിക്ക് ഗോളടിക്കാന്‍ പന്ത് തട്ടി ഉയര്‍ത്തണമെന്നും ഇത് എല്ലാവരും ഓര്‍ക്കണമെന്നും കെ.ബാബു പറഞ്ഞു.സമരം ചെയ്യാന്‍ കേരളത്തില്‍ വിഷയമില്ലാത്തത് കൊണ്ടാണോ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ചെളിവാരി എറിയുന്നത് എന്നായിരുന്നു കെ.പി. ധനപാലന്റെ ചോദ്യം.