കെ റെയില്‍: കേന്ദ്രത്തിന്റെ ഏതു ഡിപാര്‍ട്ട്‌മെന്റില്‍ നിന്നാണ് അനുമതി കിട്ടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്
ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായതിന്റെ പേരില്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്.മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയത്രക്കിടെ കണ്ണൂരില്‍ വ്യാപക ആക്രമണമാണ് നടത്തിയത്. കോണ്‍ഗ്രസ് ഓഫീസുകളും വീടുകളും തകര്‍ത്തു.ക്രിമിനലുകള്‍ ആയുധം താഴെ വയ്ക്കാനും അവരെ ജയിലിലേക്ക് മടക്കി അയയ്ക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം.
കൊച്ചി: കെ റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയെന്ന് പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ മുഖ്യമന്ത്രി എഴുതിയാല്‍ പോരെന്നും ജനങ്ങളോട് പറയമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് അനുമതി കിട്ടിയതെന്നും വ്യക്തമാക്കണം. കേന്ദ്രാനുമതി കിട്ടാത്തതിന്റെ പേരിലല്ല പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത്. പാരിസ്ഥിതിക പഠനമോ എസ്റ്റിമേറ്റോ പോലും കൈയ്യിലില്ല. കൈയ്യില്‍ ഒന്നുമില്ലാതെ പദ്ധതി തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് വായ്പ നേടിയെടുക്കാനാണ് ശ്രമം. ജൈക്കയില്‍ നിന്നും വായ്പ എടുക്കുന്നതിലൂടെ ജപ്പാനില്‍ കാലഹരണപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഗേജാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. എഡിബി ലോണില്‍ കാണാച്ചരടുകള്‍ പാടില്ലെന്നു പറഞ്ഞവരാണ് ഇപ്പോള്‍ ജൈക്കയുടെ ചരടില്‍ തൂങ്ങുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്ന അശാസ്ത്രീയമായ കെ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖ ജനങ്ങളുടെ ചെലവിലാണ് അച്ചടിക്കുന്നത്. കെ റെയിലുമായി ബന്ധപ്പെട്ട് ഡാറ്റാ തിരിമറിയാണ് സര്‍ക്കാര്‍ നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നു പ്രോജക്ടുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. സര്‍ക്കാര്‍ പറയുന്ന ഓരോ കാര്യങ്ങള്‍ക്കുള്ള മറുപടിയും യുഡിഎഫ് ജനങ്ങളിലേക്ക് എത്തിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായതിന്റെ പേരില്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയത്രക്കിടെ കണ്ണൂരില്‍ വ്യാപക ആക്രമണമാണ് നടത്തിയത്. കോണ്‍ഗ്രസ് ഓഫീസുകളും വീടുകളും തകര്‍ത്തു. ക്രിമിനലുകള്‍ ആയുധം താഴെ വയ്ക്കാനും അവരെ ജയിലിലേക്ക് മടക്കി അയയ്ക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തടസമോ ഭയമോ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേത്. ടി പി വധക്കേസ് പ്രതികള്‍ 150 മുതല്‍ 291 ദിവസം വരെ പരോള്‍ കിട്ടി കുറേക്കാലമായി ജയിലിന് പുറത്ത് ക്വട്ടേഷനുകള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. മറ്റു നിരവധി കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാരായ ക്രിമിനലുകളും ജയിലിന് പുറത്ത് അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊവിഡ് മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന 1600 കോടി രൂപയുടെ കൊള്ളയെ കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. മുഖ്യമന്ത്രി ഇപ്പോള്‍ ഒന്നിനെ കുറിച്ചും സംസാരിക്കില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്യില്ല. രാഷ്ട്രീയ പാര്‍ട്ടികളോടോ മാധ്യമങ്ങളോടോ സംസാരിക്കില്ല. സമ്പന്നന്‍മാരോടും പൗരപ്രമുഖരോടും മാത്രമാണ് ആശയ വിനിമയം നടത്തുന്നത്. സര്‍ക്കാര്‍ പ്രതിരോധത്തിലായ കാര്യങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ മൗനം.
മൗനം അവസാനിപ്പിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതിയിലും കെ റെയിലിലും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.. ജനാധിപത്യ സംവിധാനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഒരു വശത്ത് വിലാപ യാത്ര, അക്രമം. മറ്റൊരു വശത്ത് സിപിഎം നേതാക്കളുടെ തിരുവാതിര. ഇതേക്കുറിച്ച് എന്തു പറയാനാണ്. സിപിഎം സമ്മേളനം കഴിഞ്ഞ ശേഷം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരും. സിപിഎമ്മിന് എന്തുമാകാമെന്ന സ്ഥിതിയാണ്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതു പോലും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.