ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന ഗവര്‍ണരുടെ നിലപാട് നിയമവിരുദ്ധം: പ്രതിപക്ഷ നേതാവ്

കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണര്‍. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് ചാന്‍സലറെ നിയമിച്ചത്. അത് മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ സാധിക്കുമെന്നും വി ഡി സതീശന്‍ ചോദിച്ചു.വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിയമപരമായ നടപടികള്‍ ഗവര്‍ണര്‍ പൂര്‍ത്തിയാക്കണം. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്

Update: 2021-12-30 11:02 GMT

കൊച്ചി: വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമവിരുദ്ധമാണെന്നും ഇത് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണര്‍. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് ചാന്‍സലറെ നിയമിച്ചത്. അത് മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ സാധിക്കുമെന്നും വി ഡി സതീശന്‍ ചോദിച്ചു.

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിയമപരമായ നടപടികള്‍ ഗവര്‍ണര്‍ പൂര്‍ത്തിയാക്കണം. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ചാന്‍സലറുടെ പദവി സര്‍ക്കാര്‍ മാനിക്കുന്നില്ലെന്നത് സത്യമാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് അതിനെ എതിര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമവിരുദ്ധമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ചെയ്ത കാര്യത്തിന് ഗവര്‍ണര്‍ കൈയ്യൊപ്പ് ചാര്‍ത്തിക്കൊടുത്തത് എന്തിനാണ്? ഉന്നത വിദ്യാഭ്യാസമന്ത്രി നിയമവിരുദ്ധമായി സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിയതിനെ ഗവര്‍ണര്‍ അംഗീകരിച്ചത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചാന്‍സലര്‍ പദവിയില്‍ നിന്നും നിയമസഭ ഗവര്‍ണറെ മാറ്റുന്നത് വരെ അദ്ദേഹം ആ പദവിയില്‍ തുടരാന്‍ ബാധ്യസ്ഥനാണ്. ചാന്‍സലര്‍ പദവിയിലിരുന്ന് നിയമവിരുദ്ധമായല്ല, നിയമപരമായാണ് പ്രവര്‍ത്തിക്കേണ്ടത്. നിയമം അനുസരിക്കാന്‍ ഗവര്‍ണറും മന്ത്രിയും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ബാധ്യതയുണ്ട്. തെറ്റായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വി സിയുടെ പുനര്‍നിയമനം റാദ്ദാക്കാന്‍ ചാന്‍സലര്‍ തയാറാകണം. നിയമലംഘനം ആരു നടത്തിയാലും പ്രതിപക്ഷം അതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷത്തി പതിനായിരം കോടി ചെലവഴിച്ച് മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കാന്‍ പാടില്ലെന്നു പറയുന്നവരാണ് കേരളത്തില്‍ ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം കോടി രൂപയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്നു പറയുന്നത്. ഇതിലെ യുക്തി എന്താണ്? രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന കാലത്ത് ആര്‍ഭാടം കാണിക്കാനാണ് ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കുന്നതെന്നാണ് സിപിഎം മുഖപത്രമായ പീപിള്‍സ് ഡമോക്രസിയിലെ ലേഖനത്തില്‍ പറയുന്നത്. അതിനേക്കാള്‍ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന കേരളത്തില്‍ എങ്ങനെയാണ് സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നത്? സിപിഎം ഇപ്പോള്‍ വീടുകളില്‍ കയറി വര്‍ഗീയത പ്രചരിപ്പിക്കുകയാണ്.

യുഡിഎഫ് ബിജെപിയുമായും ജമാഅത്തെ ഇസ് ലാമിയുമായും ചേര്‍ന്ന് സമരം നടത്തുന്നെന്നാണ് പറയുന്നത്. സമരം ചെയ്യാന്‍ യുഡിഎഫിന് മറ്റാരുടെയും സഹായം ആവശ്യമില്ല. സില്‍വര്‍ ലൈനില്‍ പോലും വര്‍ഗീയത പറയുകയാണ്. പറയാന്‍ മറുപടിയൊന്നും ഇല്ലാത്തതുകൊണ്ടാണ് വര്‍ഗീയത പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലും ഡിപിആര്‍ കണ്ടിട്ടില്ല. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. അല്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല. വരുന്ന ദിവസങ്ങളില്‍ അടുത്തഘട്ട സമരപരിപാടികള്‍ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News