കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തട്ടിക്കൂട്ടിയ പദ്ദതിയുമായിട്ടാണ് സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്.കെ റെയില്‍ പദ്ദതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടാതെ എന്തിനാണ് സര്‍ക്കാര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു

Update: 2021-12-27 07:05 GMT

കൊച്ചി: കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. തട്ടിക്കൂട്ടിയ പദ്ദതിയുമായിട്ടാണ് സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്.കെ റെയില്‍ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ഇതും അവസാനം ദുരന്ത പൂര്‍ണ്ണമായി അവസാനിക്കുമെന്ന് കാര്യത്തില്‍ സംശയമില്ല.പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടാതെ എന്തിനാണ് സര്‍ക്കാര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കമ്മിറ്റിയെ നിയോഗിച്ച് വിവിധ മേഖലകളില്‍ വ്യക്തമായ പഠനം നടത്തി ബോധ്യപ്പെട്ടിട്ടാണ് ഇതിനെ എതിര്‍ക്കുന്നത്.വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാര്‍ മറുപടി പറയാന്‍ തയ്യാറാകാതെ വന്നതോടെയാണ് സമരവുമായി യുഡിഎഫ് രംഗത്തിറങ്ങിയത്.രണ്ടു മണിക്കൂര്‍ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല.കേരളത്തിലെ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത എന്തു രഹസ്യമാണ് പദ്ധതിയിലുള്ളതെന്നും വി ഡി സതീശന്‍ ചോദിച്ചു.കെ റെയിലിനെതിരായ സമരത്തില്‍ വര്‍ഗ്ഗീയത കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് വിലപ്പോകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്.സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന ഓമനപ്പേരില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും ന്യൂന പക്ഷ വര്‍ഗ്ഗീയതയെയും മുഖ്യമന്ത്രി മാറിമാറി താലോലിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.വികസന വിരുദ്ധതയുടെ തൊപ്പി തങ്ങള്‍ക്കല്ല അത് ഏറ്റവും അധികം ചേരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാണെന്നും വി ഡി സതീശന്‍ പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം പോലിസ് ദുര്‍ബ്ബലമായിരിക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റികളുടെ നിയന്ത്രണത്തിലാണ് പോലിസ്. പഴയകാല സെല്‍ഭരണത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോഴത്തേതെന്നും പിന്നെയെങ്ങനെ പോലിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ ചോദിച്ചു.കേരളത്തിലെ പോലിസില്‍ സംഘപരിവാര ശക്തികളുടെ സാന്നിധ്യം ശക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News