സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കാസര്‍കോട് കലക്ടര്‍ ഉത്തരവ് പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം സമ്മര്‍ദ്ദം. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി തീരുമാനം എടുക്കുന്നത് മറ്റു ചിലര്‍.

Update: 2022-01-21 08:45 GMT

കൊച്ചി:സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യത്തിനു വേണ്ടി കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ വളച്ചൊടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ടിപിആറിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ മാനദണ്ഡങ്ങള്‍ മാറ്റി. ഇന്ന് സമ്മേളനം തുടങ്ങുന്ന തൃശൂര്‍, കാസര്‍കോട് ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. അതായത് ഈ ജില്ലകളില്‍ ഒരു തരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളുമില്ല. ഇന്നലത്തെ ടിപിആര്‍ നിരക്ക് കാസര്‍കോട് 36, തൃശൂര്‍ 34 എന്നിങ്ങനെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലാത്ത ഈ രണ്ടു ജില്ലകളെയും കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയത് സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

.ടിപിആര്‍ ഇത്രയും ഉയര്‍ന്നു നില്‍ക്കുന്ന ഈ രണ്ടു ജില്ലകളിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കി മൂന്നൂറും നാനൂറും പേരെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിക്കും എംഎല്‍എയ്ക്കും നൂറു കണക്കിന് നേതാക്കള്‍ക്കും രോഗം ബാധിച്ചു. ആ പരിപാടിയില്‍ പങ്കെടുത്ത മറ്റു നേതാക്കള്‍ ക്വാറന്റൈനില്‍ പോകാതെ വിവിധ ജില്ലകളില്‍ രോഗവാഹകരായി പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ വളച്ചൊടിച്ചത് അപഹാസ്യമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യമാണിത്. സിപിഎം വാശിയോടെയാണ് പൊതുജനങ്ങളോട് പെരുമാറുന്നത്. എന്ത് കൊവിഡ് വന്നാലും പാര്‍ട്ടി സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്നതാണ് അവരുടെ വാശിയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികളുള്ള ജില്ലയാണ് തൃശൂര്‍. അവിടെയാണ് പാര്‍ട്ടി സമ്മേളനം നടത്തുന്നത്. എല്ലാവരും വീട്ടില്‍ ഇരുന്ന് ചികില്‍സ നടത്തണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നിട്ട് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണമെടുത്തു. മൂന്നാം തരംഗത്തില്‍ മരുന്ന് ഉള്‍പ്പെടെയുള്ള ഒരു സംവിധാനങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലില്ല. ആരോഗ്യ വകുപ്പ് പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്.

എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് ഒരു പിടിയുമില്ല. ആരോഗ്യ സെക്രട്ടറിയും എന്‍ആര്‍എച്ച്എം ഡയറക്ടറും വിദഗ്ധ സമിതി ചെയര്‍മാനും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് കൊവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഇന്നലെ കാസര്‍കോട് കലക്ടര്‍ എല്ലാ പൊതുപരിപാടികളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. എന്നാല്‍ രാത്രിയായപ്പോള്‍ കലക്ടറെക്കൊണ്ട് സിപിഎം ഉത്തരവ് പിന്‍വലിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രോഗികളോട് ആശുപത്രികളില്‍ പോകേണ്ടെന്നും ഹോം കെയര്‍ നിര്‍ദ്ദേശിച്ചതും സര്‍ക്കാരാണ്. എന്നിട്ടാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതിന്റെ നാലും അഞ്ചും ഇരട്ടിയാണ് ഓരോ ജില്ലകളിലെയും രോഗികളുടെ എണ്ണം. പലരും ടെസ്റ്റ് പോലും ചെയ്യാതെ വീടുകളില്‍ കഴിയുകയാണ്. രോഗബാധിതരോട് വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതോടെ കുടുംബത്തിലെ എല്ലാവരും പോസിറ്റീവാകുന്ന അവസ്ഥയാണ്. മൂന്നാം തരംഗത്തെ നേരിടുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഒരു പ്ലാന്‍ ഒഫ് ആക്ഷനും ഇല്ല.

ആരോഗ്യവകുപ്പ് മന്ത്രിയെ മൂലയ്ക്കിരുത്തി ചിലര്‍ ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മന്ത്രിക്ക് വെറുതെ യേഗത്തില്‍ പോയി ഇരിക്കാമെന്നേയുള്ളൂ. രണ്ടു ജില്ലകളെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ടിപിആര്‍ നിരക്കില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ അഞ്ഞൂറോളം പേര്‍ ഒത്തുചേരുന്നത് നിയമപരിമായി ശരിയാണോയെന്നും വി ഡി സതീശന്‍ ചോദിച്ചു. ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷത്തെ 5 പേര്‍ ചേര്‍ന്ന് നടത്തിയ സമരത്തിനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ തിരുവാതിരകളിയും ആഘോഷവും എല്ലാം നടത്തുകയാണ്. സിപിഎമ്മിന് ഒരു നിയമം മറ്റുള്ളവര്‍ക്ക് മറ്റൊന്ന് എന്ന നയമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പാലക്കാട് അതിര്‍ത്തിയില്‍ പൊരിവെയിലത്ത് ഭക്ഷണമില്ലാതെ കാത്തുകെട്ടിക്കിടന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ പോയ രണ്ട് എംപിമാരെയും മൂന്നു ജനപ്രതിനിധികളെയും പരിഹസിച്ച് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. നൂറു കണക്കിനു പേര്‍ക്ക് അസുഖം ബാധിച്ച തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം നേതാക്കള്‍ എന്തുകൊണ്ടാണ് ക്വാറന്റൈനില്‍ പോകാത്തത്? ഇവരാണ് അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ ജനങ്ങളെ ഉപദേശിക്കുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കും.

വിദഗ്ധ സമിതിയും സര്‍ക്കാരും കാലഹരണപ്പെട്ട നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. അശാസ്ത്രീയമാണെന്നു തെളിഞ്ഞ ആന്റിജന്‍ പരിശോധന തമിഴ്‌നാട്ടില്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നു മാത്രമാണ് സര്‍ക്കാര്‍ പറയുന്നത്. അനുമതി വാങ്ങിയാണ് സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് എന്നു പറയുന്നവര്‍ കല്യാണങ്ങള്‍ നടത്താന്‍ അനുമതി നല്‍കുമോ? കല്യാണത്തോട് അനുബന്ധിച്ച് തിരുവാതിരകളി അനുവദിക്കുമോ? ഇപ്പോള്‍ കേരളത്തില്‍ മരണത്തിന്റെ വ്യാപാരികള്‍ സിപിഎം നേതാക്കളും മന്ത്രിമാരുമാണ്. സിപിഎം സമ്മേളനം മാറ്റിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ധാര്‍ഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് കാണിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News